തൃശൂർ: രാഹുലെത്തി, കോൺഗ്രസ് പ്രചരണത്തിന് ഇന്ന് കാഹളമുയരും. ജില്ലയിലടക്കം സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിട്ടില്ലെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയതോടെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രചരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തൃപ്രയാറിൽ തുടക്കമാകും. ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധി തൃശൂരിൽ എത്തിയത്. ടി.എൻ. പ്രതാപനാണ് സംഘടനയുടെ അദ്ധ്യക്ഷൻ. കഴിഞ്ഞ മാസം കൊച്ചിയിലെത്തി ബൂത്ത്തല നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് വീണ്ടും രാഹുൽ കേരളത്തിൽ എത്തുന്നത്.
ഇത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശം വിതറിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലെത്തി നിൽക്കെ രാഹുലിന്റെ സന്ദർശനത്തിന് ഏറെ പ്രധാന്യമുണ്ട്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്‌നിക്, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തൃശൂരിൽ എത്തിയിട്ടുണ്ട്. തൃശൂർ ലോകസഭ മണ്ഡലം അടക്കമുള്ള സീറ്റുകളിലേക്ക് കോൺഗ്രസ് നേതൃത്വം സമർപ്പിച്ച ലിസ്റ്റിനെ കുറിച്ചുള്ള ചർച്ചകളും നടന്നേക്കും. ഇന്ന് രാവിലെ യു.ഡി.എഫ് നേതാക്കൾ രാഹുലിനെ കണ്ടേക്കും. മാണി - ജോസഫ് പ്രശ്‌നവും ചർച്ചയായേക്കും എന്നും സൂചനയുണ്ട്.
താമസം രാമനിലയത്തിൽ
ഇന്നലെ രാത്രി ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കുന്നതിനായി എത്തിയ രാഹുൽ ഗാന്ധി സർക്കാർ അതിഥി മന്ദിരത്തിലാണ് താമസിക്കുന്നത്. രാമനിലയത്തിന്റെ പുതിയ ബ്ലോക്കിലെ ശീതികരിച്ച മുറിയാണ് അദ്ദേഹത്തിനായി ഒരുക്കിയരിക്കുന്നത്. ഇന്ന് രാത്രിയും നാളെ രാവിലെയും ഭക്ഷണം രാമനിലയിൽ നിന്നായിരിക്കും.
വിഭവങ്ങളേറേ
രാമനിലയത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് പതിമൂന്നോളം വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഫ്രൈഡ് റൈസ്, ഫുൽക്ക റൊട്ടി, അലുഗോപി, പനീർ മട്ടൻ, ചിക്കൻ 65, ഫിഷ് കറി, തൈര്, മസാലപപ്പടം, സലാഡ്, ഡയറ്റ് കോള, രസഗുള, ഗുലാം ജാം എന്നിവയാണ് തയ്യാറാക്കിയിരുന്നത്.
കർശന സുരക്ഷ
കോൺഗ്രസ് അദ്ധ്യക്ഷന്റെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിലും അദ്ദേഹം തൃപ്രയാറിലേക്ക് സഞ്ചരിക്കുന്ന വഴികളിലും വേദിയിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്.പി.ജി സുരക്ഷയ്ക്ക് പുറമേ രാമനിലയത്തിൽ സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ശ് ചന്ദ്ര, എ.സി.പി: വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലും തൃപ്രയാറിൽ റൂറൽ എസ്.പി: വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ മാത്രം നാനൂറോളം പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. റൂറൽ പരിധിയിൽ 300 പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
യാത്ര കാർ മാർഗം
രാവിലെ 9.30ന് കാർ മാർഗം കാഞ്ഞാണി - വാടാനപ്പിള്ളി വഴിയാണ് തൃപ്രയാറിലേക്ക് രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പോകുക. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിക ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് 12.15ന് കണ്ണൂരിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിക്കും.