കൊടുങ്ങല്ലൂര്‍: ഡോ. ധർമ്മരാജൻ(89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഏഴിന് താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വീട്ടുവളപ്പിൽ നടക്കും. കൊടുങ്ങല്ലൂർ മണ്ണാംപറമ്പിൽ കുടുംബാംഗമായ ഇദ്ദേഹം അഞ്ച് പതിറ്റാണ്ടോളം എടവിലങ്ങിന്റെ ജനകീയ ഡോക്ടർ ആയിരുന്നു. മരുന്നിനും ചികിത്സയ്ക്കും നിസ്സാരമായ സംഖ്യ മാത്രം ഈടാക്കിയും മാന്യമായ പെരുമാറ്റത്തിലൂടെയും തന്റെ സേവന കാലയളവ് മുഴുവൻ നൂറുശതമാനവും ജനപക്ഷത്ത് നിലകൊള്ളുകയും ചെയ്ത അത്യപൂർവ്വമായ വ്യക്തിത്വമായിരുന്നു ഈ ജനകീയ ഡോക്ടറുടേത്.

ചികിത്സ തേടിയെത്തുന്നവരോട് സൗമ്യവും ബഹുമാനപുരസ്സരവുമായ പെരുമാറ്റം കൊണ്ടും ഈ ജനകീയ ഡോക്ടര്‍ ജനമനസുകള്‍ കീഴടക്കിയിരുന്നു. 'മിക്‌സ്ചര്‍' എന്ന പ്രത്യേക രുചിയുള്ള മിശ്രിതവും ആവശ്യമെങ്കില്‍ മാത്രം സിറപ്പുകളും ഗുളികകളും ഇഞ്ചക്‌ഷനും നൽകി, ഒരു നാടിന്റെ ഏറ്റവും വിശ്വസ്തനായ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എങ്കിലും ഇതിലൂടെ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാൻ ഇദ്ദേഹം ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. ഭാര്യ: കുസുമം. മക്കൾ: രാജ് മാഷ് (അമൃത വിദ്യാലയം, കൊടുങ്ങല്ലൂർ), എൽവി, ശ്രീദേവി. മരുമക്കൾ: പ്രീതി ടീച്ചർ, ഭവൻസ് (ഖത്തർ), നിത്യ, പ്രിയൻ (ദുബായ്).