തൃപ്രയാർ: ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ പ്രതിനിധികളുടെ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും രാഹുൽ ഗാന്ധി ഇംഗ്‌ളീഷിലും ഹിന്ദിയും നൽകിയ മറുപടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൈയടി നേടി ജ്യോതി വിജയകുമാർ. ഒന്നര മണിക്കൂർ നീണ്ട പരിപാടിയിൽ ആശയം ചോരാതെ വ്യക്തമായി പരിഭാഷപ്പെടുത്തിയാണ് ജ്യോതി പ്രശംസ പിടിച്ചുപറ്റിയത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാഡമിയിൽ സോഷ്യോളജി അദ്ധ്യാപികയായ ജ്യോതി, കോൺഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളാണ്.

മൂന്ന് തവണ രാഹുൽ ഗാന്ധിയുടെയും ഒരിക്കൽ സോണിയാ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2011ൽ ജന്മനാടായ ചെങ്ങന്നൂരിലായിരുന്നു ആദ്യം പരിഭാഷകയായത്. രാഹുൽ ഗാന്ധിയുടേതായിരുന്നു പ്രസംഗം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകൾ പരിഭാഷപ്പെടുത്താൻ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. ദേശീയഗാനം ആലപിച്ച തൃപ്രയാർ സ്വദേശിനി ആലില മുരളിയും ശ്രദ്ധാകേന്ദ്രമായി.