ചാവക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഓഫീസിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. പാർട്ടി പ്രതിനിധികൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ച് ക്ലാസും വി.വി പാറ്റ് യന്ത്രത്തിന്റെ പരിചയപ്പെടുത്തലും യോഗത്തിൽ നടന്നു. തഹസിൽദാർ കെ.വി. അബ്രോസ് അദ്ധ്യക്ഷനായി.
തിരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹൃദപരമാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ടെന്നും ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിച്ചുള്ള പ്രചാരണം ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെന്നും തഹസിൽദാർ പ്രതിനിധികളെ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം പൊതുപെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമെന്നും ജാതി, മത അടിസ്ഥാനത്തിലുള്ളതും ആരാധനാലയങ്ങളെ വേദികളാക്കുന്നതുമായ പ്രചാരണം അനുവദിക്കില്ലെന്നും പ്രതിനിധികളെ അറിയിച്ചു.
പ്രചാരണ ജാഥകൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും പൊലീസിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും പ്രതിനിധികളെ അറിയിച്ചു. മദ്യം, പണം, ഭീഷണി എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കരുതെന്നും പൊതുജനങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പ്രചാരണം നടത്തരുതെന്നും പ്രതിനിധികൾക്ക് നിർദേശം നൽകി. തിരഞ്ഞെടുപ്പിനെ കുറിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് യോഗത്തിൽ മറുപടി നൽകി.
തുടർന്ന് വി.വി.പാറ്റ് യന്ത്രത്തെകുറിച്ച് പ്രതിനിധികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി. ഹരിദാസ്, പി. മുഹമ്മദ് ബഷീർ, എ.ടി. സ്റ്റീഫൻ, സുമേഷ് തേർളി, കെ.കെ. സുധീരൻ, എ.കെ. അബ്ദുൾ കരീം, എം.കെ. ഷംസുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.