തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികളെ വാഗ്ദാനങ്ങൾ കൊണ്ടും ഉറപ്പുകൾ കൊണ്ടും മൂടിയപ്പോൾ സദസിൽ നിലയ്ക്കാത്ത കൈയടി. നേരത്തേ മഹാപ്രളയത്തിനു ശേഷം ചാലക്കുടിയിലെത്തിയ രാഹുൽ ഗാന്ധി പ്രളയത്തിൽ മികച്ച പ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പ്രശംസ കൊണ്ടും സമ്മാനങ്ങൾ കൊണ്ടും കൈയിലെടുത്തിരുന്നു.
ഇന്നലെ തൃപ്രയാറിലെത്തിയ അദ്ദേഹം മത്സ്യത്തൊഴിലാളികളെ വാഗ്ദാനങ്ങൾ കൊണ്ട് കൈയിലെടുത്തു. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ പ്രഥമ ദേശീയ പാർലമെന്റിൽ രാഹുൽ ബി.ജെ.പിക്കെതിരെ ആരോപണങ്ങൾ അക്കമിട്ട് നിരത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമെത്തിയ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളാണ് ദേശീയ മത്സ്യതൊഴിലാളി പാർലമെന്റിൽ പങ്കെടുത്തത്.
തൊഴിലാളികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ രാഹുൽ വേറെ പ്രസംഗമൊന്നും നടത്തിയില്ല. വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കളും സംസാരിച്ചില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ് എം.പി, കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, അനിൽ അക്കര, മുകുൾ വാസ്‌നിക്, വി.എം. സുധീരൻ, പി.സി. ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ടി.എൻ. പ്രതാപൻ പാർലമെന്റിന് നേതൃത്വം നൽകി.
മത്സ്യത്തൊഴിലാളികളുടെ പ്രകടന പത്രിക രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. രാവിലെ 10.40നാണ് പരമ്പരാഗത വള്ളത്തിന്റെ മാതൃകയിലൊരുക്കിയ വേദിയിലേക്ക് രാഹുൽ എത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ അതത് ഭാഷകളിൽ രാഹുലിനെ അഭിവാദ്യം ചെയ്ത് വരവേറ്റു. ദേശീയ ഗാനത്തോടെ പാർലമെന്റിന് തുടക്കമായപ്പോൾ സ്വാഗതപ്രസംഗകനും അദ്ധ്യക്ഷനുമൊന്നുമില്ലാതെ നേരെ മത്സ്യത്തൊഴിലാളി നേതാക്കളുമായി രാഹുൽ സംവാദം തുടങ്ങുകയായിരുന്നു.