തൃശൂർ: തൃശൂരിൽ ജനിച്ചെങ്കിലും കൗമാരത്തിൽ തന്നെ ഡൽഹിയിലേക്ക് പറന്ന് ദേശീയ രാഷ്ട്രീയത്തിൽ വേരുറപ്പിക്കുകയായിരുന്നു ടോം വടക്കൻ. തൃശൂരിൽ അണികളോ അനുയായികളോ ഇല്ലാത്തത് കൊണ്ടും കേരളത്തിലെ നേതാക്കളുമായി വലിയ സുഖത്തിലല്ലാതിരുന്നതിനാലും തൃശൂർ, ചാലക്കുടി സീറ്റുകൾ എക്കാലത്തും വടക്കന് കിട്ടാക്കനിയായി.
മത്സരിക്കാൻ രണ്ടു തവണ ആഞ്ഞു പരിശ്രമിച്ചതാണ് ടോം വടക്കൻ. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു കരുനീക്കങ്ങൾ. എന്നാൽ സംസ്ഥാന നേതൃത്വം തടയിട്ടു. രാഹുൽ നേതൃനിരയിലേക്ക് എത്തിയതോടെ വടക്കന് ഹൈക്കമാൻഡിൽ തീരെ സ്വാധീനമില്ലാതായി. ഇത്തവണ സാദ്ധ്യതാ പട്ടികയിൽ പോലും ഇടം ലഭിക്കാതെ പോയതോടെ പാർട്ടി പൂർണ്ണമായും തഴഞ്ഞെന്ന് അദ്ദേഹത്തിന് മനസിലായി. അതോടെ ടോം വടക്കൻ ബി.ജെ.പി.യിലേക്ക് മാറുകയായിരുന്നുവെന്നാണ് സൂചന. ബി.ജെ.പിയിൽ ചേർന്നാൽ മത്സരിക്കാനുള്ള ആഗ്രഹം താമരയിലൂടെ സഫലമാക്കാനാകുമെന്നാണ് വടക്കൻ കരുതുന്നത്.
രണ്ടാഴ്ച മുമ്പ് തൃശൂരിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ അടുപ്പക്കാരനായ നേതാവിനോടു പോലും ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ച് പറഞ്ഞില്ല. ഹോംഗ്രൗണ്ട് തൃശൂരാണെന്നും അമ്പലമായാലും പള്ളിയായാലും തന്നെ തുണയ്ക്കുമെന്നും മതേതരമുഖമാണ് തനിക്കുള്ളതെന്നും ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ശങ്കരയ്യ റോഡിൽ ചിത്രകലാ അദ്ധ്യാപകനായ വടക്കൻ അന്തോണിയുടെ മകനായ ടോം ഒമ്പതാം ക്‌ളാസിൽ തൃശൂർ ഗവ.മോഡൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് ഡൽഹിയിലേക്ക് പറക്കുന്നത്.
ഡൽഹി ലളിതകലാ അക്കാഡമിയിലായിരുന്നു പിതാവിന് ജോലി. ടോമിനും ചിത്രകലയിൽ താൽപ്പര്യമുണ്ടായിരുന്നു. ഡൽഹിയിൽ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞാണ് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യകാലങ്ങളിൽ തൃശൂരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. അടുത്ത കാലത്ത് രണ്ടോ മൂന്നോ പേരെ ഒപ്പം നിറുത്തി. ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ നിന്നോ മറ്റോ എന്തെങ്കിലും സഹായം ലഭ്യമാക്കിയാണ് ഇവരെ അനുയായികളാക്കിയത്.
എങ്കിലും അവരോട് മനസ് തുറക്കാറില്ല. തൃശൂരിലെ കോൺഗ്രസ് നേതൃത്വം പോലും അദ്ദേഹത്തിന്റെ വരവും പോക്കും അറിഞ്ഞിരുന്നില്ല. സീറ്റ് മോഹം മാദ്ധ്യമങ്ങളിലൂടെ പരസ്യമായി പങ്കുവെച്ചതോടെ കോൺഗ്രസ് നേതാക്കളുടെ എതിർപ്പിന് ഇടയായി. ഡൽഹിയിലെ നേതൃത്വത്തെപ്പോലെ തൃശൂരിലെ കോൺഗ്രസുകാരും ടോം വടക്കന്റെ നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ്.
എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡിയ്ക്ക് പഠിക്കുന്ന ഡോ. നിഖിൽ മകനാണ്. ഭാര്യ അൽക്ക യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസറാണ്.