തൃപ്രയാർ: തേവരുടെ ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ആചാരമായ ചാലുകുത്തലിന് ഇക്കുറി ദേവസ്വം ബലരാമനില്ല. ആറാട്ടുപുഴ പൂരത്തിന് തൃപ്രയാർ തേവരെ പുറത്തേറ്റി പോവുന്നതും ചാലുകുത്തുന്നതും ബലരാമനായിരുന്നു. എന്നാൽ ബലരാമൻ അസുഖബാധിതനായി കിടപ്പിലാണ്. അതുമൂലം ഈ വർഷം മുതൽ ബലരാമനു പകരക്കാരൻ ദേവസ്വം സീതാരാമനാണ്.
പ്രായാധിക്യം മൂലം അസുഖബാധിതനായി ഊരകത്ത് ചികിത്സയിൽ കഴിയുകയാണ് ബാലരാമൻ. കഴിഞ്ഞ 40 വർഷത്തിലേറെയായി തൃപ്രയാർ തേവരുടെ തിടമ്പേറ്റുന്നത് ബലരാമനായിരുന്നു. ഒത്തിരി സ്നേഹവും അനുസരണയും കുറച്ച് കുരുത്തക്കേടുകളുമായി ഭക്തരുടെ മനസ്സിലെ ആരാധനാപാത്രമായിരുന്നു ഇവൻ. ആനലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും നാടൻ സൗന്ദര്യമാണ് ബലരാമന്റെ ആകർഷണം.
ഗോപാലൻകുട്ടിക്കും ഗിരീശനും ശേഷം അര നൂറ്റാണ്ടുകാലം തേവരെ സേവിക്കാൻ ഭാഗ്യം ലഭിച്ചതും ബലരാമന് മാത്രം സ്വന്തം. നിലമ്പൂർ കാടുകളിൽ നിന്നായിരുന്നു ബലരാമന്റെ വരവ്. പെരിങ്ങോട്ടുകര തണ്ടാശ്ശേരിക്കാരാണ് തൃപ്രയാറിൽ ബലരാമനെ നടയ്ക്കിരുത്തിയത്. അന്നുമുതൽ ഇന്നുവരെ തേവരെ എഴുന്നള്ളിക്കുന്നതും ബലരാമൻ തന്നെ. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും, ഏകാദശി, പ്രതിഷ്ഠാദിനം, മകീര്യം പുറപ്പാട് തുടങ്ങി പ്രധാന എഴുന്നള്ളിപ്പുകളിലും തിടമ്പേറ്റി.
പോയ സ്ഥലങ്ങളും. സ്ഥിരം എഴുന്നള്ളിപ്പിന് കൊണ്ടു പോവുന്ന ക്ഷേത്രങ്ങളിലെ ചടങ്ങുകളൊന്നും ബലരാമന് പറഞ്ഞുകൊടുക്കേണ്ടതില്ല. തൃപ്രയാർ ക്ഷേത്രത്തിലാണെങ്കിൽ തേവരുടെ തിടമ്പ് മുകളിൽ കയറ്റിയാൽ മതി. ചിട്ടവട്ടങ്ങൾ നോക്കി മാത്രമേ ബലരാമൻ മുന്നോട്ടുപോവൂ. ശാന്തസ്വഭാവിയാണ്. ബാലരാമനില്ലാത്തത് പൂരപ്രേമികളിൽ നിരാശയും ദുഃഖവും ഉയർത്തിയിരിക്കുകയാണ്.