തൃശൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടഞ്ഞ ബസുടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പുത്തൂർ വായ്ക്കാടൻ ബിജുവിനെതിരെയാണ് മുളങ്കുന്നത്തുകാവ് പൊലീസ് കേസെടുത്തത്. ഇന്നലെ അത്താണി സിൽക്സിന് അടുത്തുളള ഗ്രൗണ്ടിൽ ബസിന്റെ ടെസ്റ്റിനെത്തിയ ബിജുവിനോട്, നിശ്ചിതസമയത്ത് വരാതിരുന്നതിനാൽ പരിശോധന നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വേനൽ കടുത്തതോടെ രാവിലെ പതിനൊന്ന് വരെയാക്കി വാഹന പരിശോധനാ സമയം നിജപ്പെടുത്തിയിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും സമയം കഴിഞ്ഞെത്തിയ ബിജു, വാഹനപരിശോധന നടത്തണമെന്ന് വാശിപിടിച്ച് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നുവെന്ന് പറയുന്നു.
പരിശോധന നടത്താനാകില്ലെന്ന് പറഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ വാഹനം കുറുകെ നിറുത്തി തടഞ്ഞ് വാക്കേറ്റം നടത്തുകയും ഭീഷണിപ്പെടുത്തിയതായും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷീബ പറഞ്ഞു. ഇവരുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തത്.