ഒല്ലൂർ: പട്ടാപ്പകൽ വീട്ടിലെത്തി മോഷണത്തിന് ശ്രമിച്ച പ്രതിയെ എതിർക്കുന്നതിനിടയിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. എടക്കുന്നി മണലാറ്റ് കൊള്ളന്നൂർ പരേതനായ ജോസ് ഭാര്യ ജയ്നിയെയാണ് മോഷ്ടാവ് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്.
വീട്ടമ്മയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ യുവാവിനെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ പരിസരത്ത് വാടകയ്ക്ക് താമസിച്ചിട്ടുള്ള ഇയാളെ മുൻപരിചയം കണ്ടാണ് കാളിംഗ് ബെൽ കേട്ട് വീട്ടമ്മ വാതിൽ തുറന്നത്.
വെള്ളം കുടിക്കാൻ ചോദിക്കുകയും തുടർന്ന് മകന്റെ ഫോൺ നമ്പർ തിരക്കുകയും ചെയ്ത ഇയാൾ, മകന്റെ നമ്പർ തിരയുന്നതിനിടയിൽ കൈയിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വീട്ടമ്മയുടെ ആഭരണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.