എൻ.ഡി.എ ഉടനിറങ്ങും
തൃശൂർ : യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും എൻ.ഡി.എ സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാകുകയും ചെയ്യുന്നതോടെ ജില്ലയിലെ പ്രചരണ രംഗം ചൂടുപിടിക്കും. ലോക് സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയാക്കി താഴെത്തട്ടിലുള്ള കൺവെൻഷനിലേക്ക് എൽ.ഡി.എഫ് നീങ്ങിത്തുടങ്ങി.
പല സ്ഥലത്തും ചുമരെഴുത്തുകളും പോസ്റ്ററുകളും സജീവമായി തുടങ്ങി. യു.ഡി.എഫും എൻ.ഡി.എയും ചുമരെഴുത്തുകളിലേക്ക് കടന്നു കഴിഞ്ഞു. സ്ഥാനാർത്ഥികൾ എത്തുന്നതോടെ പോസ്റ്ററുകളും മറ്റും നിറയുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഇടതുപക്ഷ സ്ഥാനാർത്ഥികൾ സജീവമായി കഴിഞ്ഞു. തൃശൂരിൽ രാജാജി മാത്യു തോമസ്, ആലത്തൂരിൽ പി.കെ. ബിജു , ചാലക്കുടിയിൽ ഇന്നസെന്റ് എന്നിങ്ങനെയാണ് ഇടത് സ്ഥാനാർത്ഥികൾ. മണ്ഡലം സമ്മേളനങ്ങളിൽ പോലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. അതേ സമയം കോൺഗ്രസിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തൃശൂരിൽ ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും ചാലക്കുടിയിൽ ബെന്നി ബഹ്നാനും സീറ്റുറപ്പിച്ച് കഴിഞ്ഞു. ടി.എൻ പ്രതാപൻ ആദ്യഘട്ട പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ചുവരെഴുത്തുകൾ ഒരുങ്ങിക്കഴിഞ്ഞു. അന്തീക്ഷത്തിൽ ചൂട് ശക്തമായതോടെ അതിരാവിലെയും വൈകീട്ടുമുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ് രാഷ്ട്രീയ പാർട്ടികൾ ഊന്നൽ നൽകുന്നത്.
ബൂത്ത് കൺവെൻഷൻ
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത് മുതൽ എൽ.ഡി.എഫ് സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. 20 നകം ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാകും. അതു കഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ പരസ്യ പ്രചരണവും കുടുംബസംഗമങ്ങളും നടക്കും.
കെ.കെ. വത്സരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി
ജനം സ്വീകരിച്ച് കഴിഞ്ഞു
സ്ഥാനാർത്ഥി ആരെന്നതിന് മുമ്പ് തന്നെ ജനം യു.ഡി.എഫിനെ സ്വീകരിച്ച് കഴിഞ്ഞു. യു.ഡി.എഫിന് അനുകൂലമായ പോസിറ്റീവ് തരംഗമാണ് നിലനിൽക്കുന്നത്. പോസ്റ്ററോ, മതിലെഴുത്തോ എന്നതിലുപരി മൗത്ത് പബ്ലിസിറ്റിയാണ് യു.ഡി.എഫിന് ലഭിക്കുക
സി.എ. മുഹമ്മദ് റഷീദ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്
ജനകീയ ഇടപെടൽ
എൻ.ഡി.എയ്ക്ക് ഗുണം ചെയ്യും
ജനകീയ സമരങ്ങളും ശക്തമായ സംഘടനാ സംവിധാനവുമാണ് തൃശൂർ ജില്ലയിൽ ബി.ജെ.പിക്ക് ജനപിന്തുണ വർദ്ധിക്കാൻ കാരണം. രണ്ട് തവണ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും ഗുണം ചെയ്തിട്ടുണ്ട്.
എ. നാഗേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്