വനിതകളടക്കമുള്ള എക്‌സൈസ് ഓഫീസർമാർ പുതുതായി സേനയിലേക്ക്

തൃശൂർ: കേരളത്തിൽ ഇതിനകം ആയിരം കോടിയുടെ ലഹരി ഉത്പന്നങ്ങൾ പിടികൂടിയതായി എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. എക്‌സൈസ് അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തികരിച്ച 100 സിവിൽ എക്‌സൈസ് ഓഫിസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. 1000 ടൺ പുകയില സാധനങ്ങൾ പിടികൂടിയിട്ടുണ്ട്. 50,000 കേസുകൾ എടുക്കുക വഴി 45,000 പേരെ ജയിലിലടയ്ക്കാനും സാധിച്ചതായി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. ഇ.ടി.ടൈസൻ മാസ്റ്റർ എം.എൽ.എ, അഡീഷണൽ കമ്മിഷണർ എ. വിജയകുമാർ, അക്കാഡമി പ്രിൻസിപ്പൽ മുരളികുമാർ എന്നിവർ പങ്കെടുത്തു.
പൂത്തോളിലെ എക്‌സൈസ് അക്കാഡമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ നൂറു പേരിൽ 16 പേർ വനിത സിവിൽ ഓഫീസർമാരാണ്. പരീശിലനം പൂർത്തികരിച്ചവരിൽ 13 പേർക്ക് ബിരുദാനന്തര ബിരുദം, 43 പേർ ബിരുദക്കാരും അഞ്ചു പേർ ബിടെക്കുകാരും രണ്ട് എംടെക്കുകാരും മൂന്നു ബിഎഡുകാരും രണ്ട് എം.ബി.എക്കാരും ഉണ്ട്.

വനിത വിഭാഗത്തിൽ രണ്ട് ബിരുദാനന്തര ബിരുദം, 10 പേർ ബിരുദക്കാരും നാലു ബിഎഡ്ഡുകാരുമാണുള്ളത്. ബെസ്റ്റ് ഇൻഡോറായി അരുൺ ടി. അജയും, ബെസ്റ്റ് ഔട്ട്‌ഡോറായി ജസ്റ്റിൻ പി ജോസഫും, ടി.കെ. രാജേഷിനെ ബെസ്റ്റ് ഷോട്ടായും എസ്.അമൃതയെ ബെസ്റ്റ് ഔട്ട് ഡോറായും തെരഞ്ഞെടുത്തു. ഇവർക്കുള്ള സമ്മാനങ്ങളുടെ വിതരണം കമ്മിഷണർ നിർവഹിച്ചു.