pipukal-pottunnu
എരുമപ്പെട്ടി പെട്രോൾ പമ്പിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ തളംകെട്ടി നിൽക്കുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥയാകുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പൈപ്പുകൾ പൊട്ടുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വടക്കാഞ്ചേരി കുന്നംകുളം റോഡിൽ എരുമപ്പെട്ടി പെട്രോൾ പമ്പിന് സമീപം, സ്കൂളിന് മുൻവശം, നെല്ലുവായ്, കരിയന്നൂർ പാഴിയോട്ടുമുറി, കുണ്ടന്നൂർ എന്നിവിടങ്ങളിലാണ് നിരന്തരമായി പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകുന്നത്. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നിരവധി പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ പദ്ധതി വഴിയാണ്. നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം ആഴ്ചകൾ കഴിഞ്ഞാണ് ഇവിടെ കുടിവെള്ളം ലഭ്യമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. വടക്കാഞ്ചേരി കുന്നംകുളം റോഡിലെ കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുള്ള നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.