പ്രദർശനം ഇന്ന്
തൃശൂർ: സംസ്‌കൃതത്തെ യൂറോപ്പിന് പരിചയപ്പെടുത്തുകയും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകുകയും ചെയ്ത അർണോസ് പാതിരിയുടെ ജീവിതനാൾ വഴികൾ തേടി ജന്മനാടായ ജർമ്മനിയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി സിനിമ 'ഓസ്റ്റർ കാപ്‌ളിനിലെ വെളിച്ചം' ഞായറാഴ്ച പ്രദർശിപ്പിക്കും.
മൂന്ന് നൂറ്റാണ്ട് മുമ്പ് അർണോസ് പാതിരി പണി കഴിപ്പിച്ച വേലൂർ സെന്റ് ഫ്രാൻസിസ് സേവിയർ പള്ളി അങ്കണത്തിൽ വൈകിട്ട് 6.30 ന് ആദ്യപ്രദർശനം നടക്കും.
1688 ൽ 18 വയസ്സ് പ്രായമുള്ളപ്പോൾ ജന്മനാടായ ജർമ്മനിയിൽ നിന്ന് മിഷനറി പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ട് കേരളത്തിൽ ജീവിച്ച് മരിച്ച കവിയും സംസ്‌കൃത പണ്ഡിതനുമായ ജോൺ ഏൺസ്റ്റ് ഹാൻസ്സ്‌ലേടൻ എന്ന അർണോസ് പാതിരിയുടെ പൂർവ്വാശ്രമത്തിലെ വേരുകൾ തേടി ലക്‌സംബർഗ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഗവേഷകനായ ഡോ.ജീൻ ക്‌ളോഡ് മുള്ളറുടെ നേതൃത്വത്തിൽ ചരിത്രാനേഷികൾ രണ്ടു വർഷത്തോളം ജർമ്മനിയിൽ നടത്തിയ അന്വേഷണത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഓസ്റ്റർ കാപ്‌ളിനിലെ വെളിച്ചം. മാധ്യമപ്രവർത്തനായ രാജു റാഫേലാണ് ഒരേ സമയം മലയാളത്തിലും ജർമ്മൻ ഭാഷയിലും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. സംവിധായകനും മാധ്യമപ്രവർത്തകനുമായ കെ.ബിവേണുവാണ് ശബ്ദം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം: പ്രകാശ് റാണ. പശ്ചാത്തല സംഗീതം: സത്യജിത്ത്. ജർമ്മനിയിലെ കൊളോണിലെ കാമിയോ സ്റ്റുഡിയോയിലാണ് ജർമ്മൻ എഡിഷന്റെ പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയാക്കിയത്. ജർമ്മൻ പരിഭാഷ ഡെന്നിസ് ഡേവിസ് തെക്കുംതല നിർവഹിച്ചു. ജന്മദേശമായ ഓസ്റ്റർകാപ്‌ളിനിൽ ജൂണിൽ ജർമ്മൻ ചിത്രത്തിന്റെ ആദ്യപ്രദർശനം ഓസ്റ്റർകാപ്‌ളിൻ മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടക്കും.