farm-

മാള:പ്രളയത്തിൽ പശുക്കളെ നഷ്‌ടപ്പെട്ട1000 ക്ഷീര കർഷകർക്കായി സൈനിക ഫാമുകളിൽ നിന്ന് അത്യുത്പാദനശേഷിയുള്ള 1000 കറവപ്പശുക്കളെ തുച്ഛമായ ചെലവിൽ എത്തിക്കാനുള്ള പദ്ധതി മന്ത്രി അനുകൂലിച്ചിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പൊളിഞ്ഞു. ക്ഷീര കർഷകരുടെ ചെലവിൽ പശുക്കളെ കൊണ്ടുവരാൻ തൃശൂരിലെ സമഗ്ര ക്ഷീര കർഷക സംഘമാണ് മുൻകൈയെടുത്തത്.

രാജ്യത്തെ 39 മിലിട്ടറി ഫാമുകൾ നിറുത്തലാക്കുന്നതിനാൽ 23,600 പശുക്കളെ വിൽക്കുന്നതായി കഴിഞ്ഞ ആഗസ്റ്റിലാണ് അറിയിപ്പുണ്ടായത്. പൂനെയിലെ പിംബ്രി മിലിട്ടറി ഫാമിൽ ഫ്രീഷ് വാൾ ഇനത്തിലുള്ള 1571 പശുക്കളുണ്ടായിരുന്നു.15 മുതൽ 25 ലിറ്റർ വരെ പാൽ നൽകുന്ന ഈ പശുക്കൾക്ക് ശരാശരി 1,32,000 രൂപ വരെ വിലയുണ്ട്. ഒരു പശുവിന് 1,000 രൂപ നിരക്കിൽ ഫാമിൽ നൽകിയാൽ മതിയായിരുന്നു. ആ തുക കർഷകരിൽ നിന്ന് ഈടാക്കും. ആറു പശുക്കളെ വീതം ട്രക്കുകളിൽ കൊണ്ടുവരാനുള്ള വാ‌ടക, വൈദ്യസഹായം,​ മരുന്ന്,​ തീറ്റ,​ കറവക്കാർ,​ മറ്റ് തൊഴിലാളികൾ,​ ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ ചെലവുകൾ സംഘം വഹിക്കുമായിരുന്നു. മൊത്തം ചിലവ് ഒരു പശുവിന് 20,000 രൂപ കണക്കിൽ രണ്ട് കോടി രൂപയാകുമായിരുന്നു.

മൃഗസംരക്ഷണ മന്ത്രി കെ. രാജു അനുകൂല ഉത്തരവ് ഇറക്കിയതാണ്.

മണ്ണുത്തി വെറ്ററിനറി സർവകലാശാലയുടെ സഹായത്തോടെ പശുക്കളെ വാങ്ങാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറും അനുമതി നൽകി. എന്നാൽ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതർ ഔദ്യോഗിക കത്ത് നൽകാൻ വീഴ്ചവരുത്തി. അതോടെ, മറ്റ് സംസ്ഥാനങ്ങൾ പല ഫാമുകളിലെയും പശുക്കളെ സ്വന്തമാക്കി. മഹാരാഷ്ട്ര 3200 പശുക്കളെ വാങ്ങി. ഗോവ, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാരുകളും പശുക്കളെ വാങ്ങി. ഇനി ശേഷിക്കുന്നത് ജമ്മു ക്യാമ്പിലെ ഏതാനും പശുക്കളാണ്.
2018 നവംബർ 23 മുതൽ ജനുവരി 16 വരെ നിരവധി തവണ പ്രിൻസിപ്പൽ സെക്രട്ടറിയെയും മറ്റും സംഘം ഭാരവാഹികൾ കണ്ടെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. വെറ്ററിനറി സർവകലാശാല 100 പശുക്കളെ കൊണ്ടുവരാൻ ഒരു ലക്ഷം രൂപ മിലിട്ടറി ഫാം അധികൃതർക്ക് നൽകിയിരുന്നു. അതിനും അനുമതി നൽകിയില്ല.

പ്രളയനഷ്ടം

കറവപ്പശുക്കൾ 5680
എരുമകൾ 862

പ്രളയത്തിൽ 63 പശുക്കളെ വരെ നഷ്ടപ്പെട്ടവരുണ്ട്. മൂന്ന് പശുക്കളെ വാങ്ങാൻ ഒന്നിന്‌ 30,000 രൂപ വീതം 90,000 രൂപയാണ് സർക്കാർ നഷ്‌ടപരിഹാരം നൽകിയത്. അവരെ ദ്രോഹിക്കുന്ന നടപടിയാണുണ്ടായത്.

-ക്ഷീര കർഷക സംഘം

ക്ഷീരകർഷക സംഘം പശുക്കളെ കൊണ്ടുവരുന്നത് പരിശോധിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. സ്വകാര്യ സംഘടനയ്‌ക്ക് അനുമതി നൽകാനാവില്ലെന്ന ഉപദേശമാണ് ലഭിച്ചത്.

-മന്ത്രി കെ. രാജു