തൃശൂർ: തൃശൂർ, ആലത്തൂർ, ചാലക്കുടി ലോക്‌സഭാ സീറ്റുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായതോടെ തിരഞ്ഞെടുപ്പ് പ്രചാരണവഴികളിൽ സ്ഥാനാർത്ഥികൾക്കൊപ്പം നേതാക്കളും പ്രവർത്തകരും സജീവമായി.

എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാകും തൃശൂരിൽ വഴിയൊരുങ്ങുക.

സ്ഥാനാർത്ഥികളെ മുൻപേ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ആദ്യം എൽ.ഡി.എഫ് സജീവമായെങ്കിലും യു.ഡി.എഫും എൻ.ഡി.എയും ശക്തമായ പ്രചാരണങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ്. തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളിയിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ടി.വി. ഇന്നസെന്റിന്റെ വീട്ടിലും കുട്ടന്‍കുളം സമര നായികയും വിപ്ലവകാരിയുമായ പി.സി. കുറുമ്പയുടെ വീട്ടിലും അദ്ദേഹമെത്തി. മറ്റു സ്ഥാപനങ്ങളിലും കടകളിലും സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ശേഷം പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളിലുമെത്തി.

ഇന്ന് രാവിലെ ഏഴിന് ശക്തൻ പച്ചക്കറി മാർക്കറ്റിൽ നിന്ന് പ്രചാരണം തുടങ്ങും. ആനപ്പാറ വൃദ്ധസദനം, താണിക്കുടം, മാടക്കത്തറ, മണ്ണുത്തി, പാണഞ്ചേരി എന്നിവിടങ്ങളിലുമെത്തും. രാത്രി ഫേസ്ബുക്ക് ലൈവുമുണ്ടാകും.

ടി.എൻ. പ്രതാപന്റെ പേരിൽ ചുവരെഴുത്ത് ശനിയാഴ്ച തന്നെ തുടങ്ങിയിരുന്നു. രാത്രിയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായത്. ഇന്നലെ പ്രതാപന്റെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഏകീകരിക്കുന്നതിനുമായി ഡി.സി.സിയിൽ നേതൃയോഗം ചേർന്നു. പ്രതാപന്റെ കന്നി പാർലമെന്റ് അങ്കത്തിലൂടെ തൃശൂർ തട്ടകം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ടി.എൻ. പ്രതാപനെ അണികൾ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം കഴിഞ്ഞതോടെ ടി.എൻ. പ്രതാപൻ സീറ്റ് ഉറപ്പിക്കുകയും ചെയ്തു.

ത്രികോണമത്സരം മുറുകും

ബി.ഡി.ജെ.എസിന്റെ സ്വാധീനം മണ്ഡലത്തിൽ ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം കുത്തനെ ഉയർന്നിരുന്നു. അവിണിശേരി പഞ്ചായത്തിൽ ഭരണം പിടിച്ചു. വരന്തരപ്പിള്ളിയിൽ ഒരു സീറ്റിനാണ് ഭരണം നഷ്ടപ്പെട്ടത്. ചില പഞ്ചായത്തുകളിൽ പ്രധാന പ്രതിപക്ഷമായി. തൃശൂർ കോർപറേഷനിൽ ആറു സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. ജനകീയ സമരങ്ങളും സംഘടന സംവിധാനവുമാണ് ബി.ജെ.പിക്ക് ജനപിന്തുണ വർദ്ധിക്കാൻ കാരണയതെന്നാണ് നേതൃത്വം പറയുന്നത്.

യു.ഡി.എഫ് കൺവെൻഷൻ നാളെ

ചൊവ്വാഴ്ച രാവിലെ പത്തിന് ടൗൺഹാളിൽ യു.ഡി.എഫിന്റെ തൃശൂർ പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബെന്നി ബഹന്നാൻ, കെ.പി.എ. മജീദ്, ജോസ് കെ. മാണി തുടങ്ങിയവർ പങ്കെടുക്കും.