ചാലക്കുടി: യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗമേറി. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നേരത്തെ വ്യക്തത ലഭിച്ചത് എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായി. നിയോജക മണ്ഡലം കൺവെൻഷനുശേഷം പഞ്ചായത്ത് കൺവെൻഷനുകളും ഇടതുപക്ഷം പൂർത്തിയാക്കി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്ന ഭരണമുന്നണി ബൂത്തുതല യോഗങ്ങൾക്കും തുടക്കമിട്ടു. ചുവരെഴുത്തുകളിലും അവർ മുന്നിലായി. സ്ഥാനാർത്ഥി ഇന്നസെന്റ് ഇതിനകം മണ്ഡലത്തിൽ പ്രാഥമിക സന്ദർശനങ്ങളും നടത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അവ്യക്തതയിൽ ഒന്നാം ഘട്ട പ്രചരണത്തിന് തുടക്കമിടാൻ കഴിഞ്ഞിട്ടില്ലെങ്കിലും തങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു സ്ഥാനാർത്ഥിയെ ലഭിച്ചെന സന്തോഷത്തിലാണ് യു.ഡി.എഫ് നേതൃത്വം.
അടുത്ത ദിവസം മുതൽ പ്രവർത്തനങ്ങളിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. ഞായറാഴ്ച മുതൽ ബെന്നി ബഹന്നാന്റെ ചുവരെഴുത്തുകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 22ന് നിയോജക മണ്ഡലം കൺവെൻഷൻ നടത്താനാണ് യു.ഡി.എഫ് തീരുമാനം. എന്നാൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇനിയും തീരുമാനമാകാത്തത് എൻ.ഡി.എയ്ക്ക് തലവേദനയായി. എങ്കിലും പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്.