കൊച്ചി: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ മുതിർന്ന കോൺഗ്രസ് നേതാക്കളായ ടി.എച്ച്. മുസ്തഫയുടെയും പി.പി. തങ്കച്ചന്റെയും അനുഗ്രഹം തേടി പ്രചാരണം തുടങ്ങി.

സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെയും സന്ദർശിച്ച് അനുഗ്രഹം തേടി. ന്യൂസിലൻഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ആൻസിയുടെ വീട്ടിലെത്തിയ ബെന്നി കുടുംബത്തെ ആശ്വസിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, മഹിളാ കോൺഗ്രസ് നേതാവ് ചന്ദ്രിക ശിവരാമൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കൊടുങ്ങല്ലൂർ ക്ഷേത്രാധികാരിയായ ചിറക്കൽ പടിഞ്ഞാറെ കോവിലകത്ത് കെ. സുരേന്ദ്രവർമ്മ, പറവൂർ ചേരമാൻ മസ്‌ജിദ്, കോട്ടപ്പുറം ബിഷപ്പ് ഹൗസിൽ വികാരി ജനറൽ ആന്റണി കുരിശിങ്കൽ എന്നിവരെയും സന്ദർശിച്ചു. വിവിധ ദേവാലയങ്ങളും സന്ദർശിച്ചു. അങ്കമാലിയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.