കൊടുങ്ങല്ലൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ തിരഞ്ഞെടുപ്പ് പര്യടനത്തിന് കൊടുങ്ങല്ലൂരിൽ നിന്ന് തുടക്കം കുറിച്ചു. രാജ്യത്തെ ആദ്യ മുസ്‌ലിം പള്ളിയായ ചേരമാൻ പള്ളിയിലും കോട്ടപ്പുറം ബിഷപ്പ് ഹൗസിലും കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ കോവിലകത്തും ഇന്നലെ അദ്ദേഹം സന്ദർശിച്ചു. ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കരിപ്പാക്കളം അലി ബാവയുടെ മകൾ ആൻസിയുടെ വീട്ടിലും കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ കോട്ടപ്പുറത്തുള്ള വീട്ടിലുമെത്തി പിതാവ് ലാലിനെ ആശ്വസിപ്പിച്ചുമാണ് ബെന്നി കൊടുങ്ങല്ലൂരിൽ സാന്നിദ്ധ്യം അറിയിച്ചത്.
പുല്ലൂറ്റ് വില്ലേജിലെ പഴയകാല കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അനുസ്മരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും ബെന്നി ബഹന്നാൻ ഇന്നലെ നിർവഹിച്ചു. പഴയ കാല നേതാക്കളെ അനുസ്മരിച്ച് തന്റെ പര്യടനത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് നേട്ടമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, അഡ്വ. വി.എം. മൊഹിയുദ്ദീൻ, എം.ടി. ജയൻ, മണ്ഡലം പ്രസിഡന്റുമാരായ ഡിൽഷൻ കൊട്ടെക്കാട്ട്, വി.എം. ജോണി, പാർട്ടി നേതാക്കളായ കെ.പി. സുനിൽകുമാർ, റുവിൻ വിശ്വം, ചന്ദ്രിക ശിവരാമൻ എന്നിവരും ബെന്നി ബഹനാനൊപ്പം ഉണ്ടായിരുന്നു.