തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിനായി തൃപ്രയാർ തേവർ ഇന്ന് പുറപ്പെടും. തന്ത്രി ഇല്ലത്തുനിന്നും മടങ്ങിയെത്തുന്ന തേവർ പുത്തൻകുളത്തിൽ ആറാടിയശേഷം തിരിച്ചെത്തി ക്ഷേത്രച്ചടങ്ങുകൾ പൂർത്തീകരിക്കും. വൈകീട്ട് നിയമവെടിയും അത്താഴപൂജയും അത്താഴ ശീവേലിയും കഴിഞ്ഞ് സ്വർണ്ണക്കോലത്തോട് കൂടിയായിരിക്കും ഭഗവാന്റെ പുറപ്പാട്. ശ്രീ വിഷ്ണുമായ ഭഗവാനെ തൃപ്രയാർ ക്ഷേത്രം എൽപ്പിച്ചുകൊണ്ടാണ് തേവർ പുറപ്പെടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. പൂരത്തിനെത്തുന്ന തേവർക്ക് വഴിനീളെ ഗംഭീര സ്വീകരണം നല്കും.
രാത്രി ഒമ്പതിന് ചിറക്കൽ സെന്ററിൽ എത്തുന്ന തേവരെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിക്കും. കൂടൽമാണികൃം ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന താമരമാല കൊണ്ട് ഭഗവാനെ അലങ്കരിക്കും. തുടർന്ന് ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്ന തേവർ പല്ലിശ്ശേരി സെന്ററിൽ അഞ്ച് ആനകളോടെ പഞ്ചവാദൃം കഴിഞ്ഞ് 11 ആനകളോടെ കൈതവളപ്പിൽ എത്തും. തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ്. ശേഷം മന്ദാരം കടവിൽ ആറാട്ട്. പിന്നീട് ഉപചാരം പറഞ്ഞ് അടുത്ത വർഷത്തെ പൂരത്തിന് എത്തിക്കൊള്ളാം എന്ന് വാക്ക് കൊടുത്ത് തേവർ തിരിച്ചെഴുന്നള്ളും.