തൃശൂർ: നാടാകെ പ്രചരണ രംഗം സജീവമാക്കി മുന്നണികൾ. എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ കടുത്ത പോരാട്ടത്തിനുള്ള വേദിയായി തൃശൂർ മാറുമെന്നത് തീർച്ച. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ രാജാജി മാത്യു തോമസ് നേരത്തെ തന്നെ പ്രചരണം തുടങ്ങിയെങ്കിൽ യു.ഡി.എഫിനായി കളത്തിലിറങ്ങുന്ന ടി.എൻ. പ്രതാപൻ ഒപ്പമെത്താനുള്ള ഓട്ടത്തിലാണ്. രണ്ട് ദിവസത്തിനകം മണ്ഡലത്തിൽ പ്രധാന സ്ഥലങ്ങളിൽ ഓടിയെത്തി കഴിഞ്ഞു. ഇന്ന് രാവിലെ പത്തിന് ടൗൺഹാളിൽ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. എല്ലാ സന്നാഹങ്ങളും പൂർത്തിയാക്കി സ്ഥാനാർത്ഥിത്വത്തിനായി കാത്തിരിക്കുന്ന എൻ.ഡി.എ പ്രചരണത്തിന് ഇന്ന് തുടക്കം കുറിച്ചേക്കും.

മതമേലദ്ധ്യക്ഷൻമാരെയും സമുദായ നേതാക്കളെയും കണ്ട് പ്രതാപൻ

പെരുന്നയിലെത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെയും തൃശൂർ അതിരൂപതാ ആസ്ഥാനത്തെത്തി മാർ ആൻഡ്രൂസ് താഴത്തിനെയും സന്ദർശിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ സഹായം അഭ്യർത്ഥിച്ചു. ഇന്നലെ വൈകീട്ടാണ് ഡി.സി.സി സെക്രട്ടറി എ. പ്രസാദിനൊപ്പം പ്രതാപൻ ജി. സുകുമാരൻ നായരെ കണ്ടത്. ഇന്നലെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് മത- സാമുദായിക നേതാക്കളെ കാണുന്നതിനായാണ്. പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയായിരുന്നു പ്രചാരണ രംഗത്തിറങ്ങിയത്.

തിരുവാമ്പാടി ക്ഷേത്രത്തിലെത്തി ദർശനം കഴിഞ്ഞ് സെക്രട്ടറി പ്രൊഫ. കെ. മാധവൻകുട്ടിയുമായി സംസാരിച്ചു. തുടർന്ന് പാറമേക്കാവ് ക്ഷേത്രദർശനം നടത്തി ബിഷപ്പ് പാലസിലെത്തി മാർ ആൻഡ്രൂസ് താഴത്തിനെയും സന്ദർശിച്ച് അനുഗ്രഹം നേടി. അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു. ഡോ. മാർ അപ്രേം മെത്രാപോലീത്ത, മാർ ഔഗിൻ എക്കിസ്‌കോപ എന്നിവരെയും സന്ദർശിച്ചു. മുൻ മേയർ രാജൻ പല്ലൻ, ടി.ജെ. സനീഷ് കുമാർ എന്നിവർക്ക് ഒപ്പമാണ് ബിഷപ്പിന്റെ അടുത്തെത്തിയത്. ക്ഷേത്ര ദർശനത്തിന് മുൻ കൗൺസിലർ കെ. ഗീരിഷ് കുമാറും ഉണ്ടായിരുന്നു.

ഇന്നത്തെ സന്ദർശനം
രാവിലെ ശക്തൻമാർക്കറ്റ് സന്ദർശനം, പത്ത് മണിക്ക് ടൗൺഹാളിൽ സന്ദർശനം, മൂന്നു മുതൽ മാദ്ധ്യമ സ്ഥാപനങ്ങളിൽ സന്ദർശനം


തൊഴിലാളികൾക്ക് ഒപ്പം സെൽഫിയെടുത്ത് രാജാജി
അതിരാവിലെ തന്നെ ശക്തൻ മാർക്കറ്റിലെത്തിയ സ്ഥാനാർത്ഥിയെ കണ്ടതോടെ തൊഴിലാളികളും മറ്റുള്ളവരും അടുത്തു കൂടി. മന്ത്രി വി.എസ്‌. സുനിൽകുമാറിന്റെ ഒപ്പമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എത്തിയത്. ഇന്നലത്തെ പ്രചരണത്തിന്റെ തുടക്കവും അവിടെയായിരുന്നു. തൊഴിലാളികളും വ്യാപാരികളും മാർക്കറ്റിലെത്തിയവരും ആവേശകരമായ വരവേൽപ്പായിരുന്നു രാജാജിക്ക് നൽകിയത്. രാവിലെ ഏഴ് മുതൽ ഒരു മണിക്കൂറിലേറെ നേരം രാജാജി വെജിറ്റബിൾ, നോൺ വെജിറ്റേറിയൻ മാർക്കറ്റുകളിലായി ചെലവഴിച്ചു. മത്സ്യ മാർക്കറ്റിലെത്തിയ സ്ഥാനാർത്ഥിക്കും മന്ത്രിക്കും ഒപ്പം സെൽഫിയെടുക്കാനുള്ള അഗ്രഹത്തിന് നിന്നു കൊടുത്തു.
മന്ത്രി വി.എസ്. സുനിൽകുമാർ, പി.കെ. ഷാജൻ, എ.എൻ. രാജൻ, അഡ്വ. സുമേഷ്, കെ.വി. ഹരിദാസ്, കെ. രവീന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ജൂബിലി, മദർ, ചന്ദ്രമതിയമ്മ ആശുപത്രികളും ലക്ഷ്മി മില്ലും, ആനപ്പാറയിലെ വൃദ്ധസദനവും കരിങ്കൽ തൊഴിലാളി സഹകരണ സംഘവും അദ്ദേഹം സന്ദർശിച്ചു. ഉച്ചയ്ക്ക്‌ ശേഷം ഒല്ലൂർ മണ്ഡലത്തിലും പര്യടനം നടത്തി.