തൃശൂർ: കുടിശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. ലഭിക്കാനുള്ള 50 കോടി രൂപയുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം നടത്തുമെന്ന് ആൾ ഇന്ത്യ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. മേഖലയിലെ മറ്റു സംഘടനകളുമായി സഹകരിച്ചാണ് ഒന്ന് മുതൽ അനിശ്ചിതകാല സമരം നടത്തുക.

പ്രളയബാധിതർക്ക് സൗജന്യ റേഷൻ നൽകിയ ഇനത്തിലുള്ള കമ്മിഷൻ അടക്കമുള്ള തുകയാണ് ലഭിക്കാനുള്ളത്. റേഷൻ വിതരണത്തിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്നും കൃത്യമായ അളവിൽ ഭക്ഷ്യസാമഗ്രികൾ ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. ഇത്തരം വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോ വിതരണ കേന്ദ്രത്തിൽ നടക്കുന്ന ഭക്ഷ്യധാന്യ തട്ടിപ്പും കരിഞ്ചന്തയും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.പി. സുഗുണേന്ദ്രൻ, ബേബിച്ചൻ മുക്കാടൻ, പി.ടി. തോമസ്, സദൻ പൂക്കോട്ട് എന്നിവർ പങ്കെടുത്തു.