ചാവക്കാട്: ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പണിയെടുത്ത ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ. ഷട്ടറിനടിയിലൂടെ ഉപ്പുവെള്ളം കയറിയതോടെ കുടി വെള്ള സ്രോതസുകൾ മലിനമാക്കപ്പെടുകയാണ്.
ജലസേചന വകുപ്പ് 44.80 ലക്ഷം ചെലവിട്ട് 2018 ജനുവരിയിൽ ആരംഭിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതി!*!യിൽ ഒരുമനയൂർ ലോക്കിന്റെ രണ്ട് ഷട്ടറുകളാണ് മാറ്റിപ്പണിതത്. ഇതിൽ ഒരു ഷട്ടറിന്റെ അടിയിൽ നിന്നാണ് ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പ് വെള്ളം വീണ്ടുമൊഴുകുന്നത്. ഇതിൽ ഹൈഡ്രോളിക് സിസ്റ്റത്തിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഷട്ടറിന്റെ പ്രവർത്തനം നിലച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. നിർമ്മാണം നടക്കുമ്പോൾ തന്നെ ഷട്ടറിന്റെ തകരാറിനെ കുറിച്ച് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നുവത്രെ. എന്നാൽ കരാറുകാർ അതൊന്നും ശ്രദ്ധിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഷട്ടർ കൃത്യമായി തുറക്കാനാവാതെ സ്ഥിരമായി അടഞ്ഞു കിടക്കുന്നതിനാൽ വടക്ക് ഭാഗത്ത് പുഴ മാലിന്യങ്ങൾ ലോക്കിന്റെ സമീപം അടിഞ്ഞുകൂടി അസഹ്യമായ ദുർഗന്ധം പരത്തുകയാണ്. ഇത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെള്ളത്തിന്റെ ഉപരിതലത്തിൽ വെളുത്ത പാട കെട്ടി നിറ വ്യത്യാസം കണ്ടതോടെ നാട്ടുകാർ വശങ്ങളിൽ താഴ്ത്തിവെച്ച നിരപ്പലകകൾ പലതും ഇളക്കി മാറ്റി വെള്ളം പുറത്ത് വിടാൻ ശ്രമിച്ചതും ഉപ്പു വെള്ളം കയറാൻ കാരണമായി.
........................................................
ഒരുമനയൂർ ലോക്ക് ചരിത്രവും നെൽക്കൃഷി നാശവും
മുനക്കക്കടവ് അഴിമുഖത്ത് നിന്ന് ചേറ്റുവ പുഴയിയിലൂടെ കനോലി കനാലിലൂടെ വടക്കൻമേഖലയിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാൻ ബ്രിട്ടീഷ് ഭരണകാലത്താണ് ഒരുമനയൂർ ലോക്ക് നിർമ്മിച്ചത്. കാലപ്പഴക്കം കൊണ്ട് ലോക്ക് തകരാറിലായി കനോലി കനാലിലേക്ക് ഉപ്പ് വെള്ളം കയറാൻ തുടങ്ങി. ചാവക്കാട് നഗര സഭയിലും കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസുകളായ കിണറുകൾ, കുളങ്ങൾ, പാടങ്ങൾ, കായലുകൾ, ചെറുതോടുകൾ എന്നിവയിലെ വെള്ളവും ഉപ്പു രുചിയായി.
ആയിരക്കണക്കിനു കുടുബങ്ങളാണ് ഇതോടെ നിത്യോപയോഗത്തിന് പോലും ശുദ്ധജലം കിട്ടാതെ നെട്ടോട്ടമോടുന്നത്. പാടങ്ങളിൽ ഉപ്പ് ജലം കയറി. ചേറ്റുവ മുതൽ അണ്ടത്തോട് വരെയുള്ള പ്രദേശങ്ങളിലെ നെൽക്കൃഷി നശിക്കാനും കാരണമായി. ലോക്ക് തരാറിലായി ഇരുപത് വർഷം കൊണ്ടാണ് മേഖല ഉപ്പ് വെള്ളം കയറി നശിച്ചത്. കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ ഒരുമനയൂർ ലോക്കിന്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അറ്റകുറ്റ പണി പൂർത്തിയാക്കി മൂന്ന് മാസം പൂർത്തിയാകും മുമ്പേ ഷട്ടറുകൾ തകരാറിലായതിലൂടെ സർക്കാർ ചെലവിട്ട ലക്ഷങ്ങൾ ലക്ഷ്യം കാണാതെപോകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.