തൃശൂർ: തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യത്തിനായി ഉപയോഗിച്ചതായുള്ള പരാതിക്ക് ഇടവരുത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ടി.വി. അനുപമ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം മന്ത്രിമാർ ഔദ്യോഗിക യാത്രകൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തുകയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ താത്പര്യാർത്ഥം സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. പൊതുസമ്മേളനത്തിനായി ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളും മൈതാനങ്ങളും ഭരണകക്ഷിയുടെ മാത്രം ഉപയോഗത്തിനായി കൈയടക്കി വയ്ക്കാൻ പാടില്ല. മേൽപ്പറഞ്ഞ സ്ഥലങ്ങൾ ഭരണകക്ഷിക്ക് ലഭ്യമായ അതേ വ്യവസ്ഥയിൽ തന്നെ മറ്റു കക്ഷികൾക്കും ലഭ്യമാക്കേണ്ടതാണ്. റസ്റ്റ് ഹൗസുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയവ ഉപയോഗിക്കുന്നുവെങ്കിൽ അത്തരം സ്ഥലങ്ങൾ ഭരണകക്ഷി, പ്രതിപക്ഷ കക്ഷിഭേദമെന്യേ ലഭ്യമാക്കേണ്ടതാണ്. എന്നാൽ, സ്ഥല സൗകര്യങ്ങൾ പ്രചാരണ ഓഫീസായോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാൻ പാടുള്ളതല്ല.