കയ്പമംഗലം: ശുദ്ധ ജല പൈപ്പ് പൊട്ടി ദേശീയ പാതയിലെ അപകടഭീഷണിയായ കുഴിയിൽ കൂടി കുടിവെള്ളം പാഴാകുന്നു. ദേശീയ പാത 66 കാളമുറി വടക്ക് കനറാ ബാങ്കിന് മുൻ വശത്ത് മാസങ്ങളായി രൂപപ്പെട്ട വലിയ കുഴിയാണ് അപകട ഭീഷണിയാകുന്നത്. ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നുമുണ്ട്. നാട്ടുകാരും സന്നദ്ധ സംഘടനകളും, കൂടാതെ ദേശീയപാത അധികൃതരും നിരവധി തവണ കുഴി അടച്ചിട്ടുണ്ടെങ്കിലും ഒന്നു രണ്ടു ദിവസം കഴിയുമ്പോൾ കുഴി വീണ്ടും പഴയ രൂപത്തിലാകുകയാണ് ചെയ്യുന്നത്.
ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന കുഴിയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. രാത്രി കാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് എടമുട്ടം മുതൽ വഴിയമ്പലം വരെ ദേശീയ പാതയിൽ ഉണ്ടായിരുന്ന വലിയതും ചെറിയതുമായ കുഴികൾ ദേശീയപാതാ അധികൃതർ അടച്ചിരുന്നു. വീണ്ടും ചെറുതും വലുതുമായ കുഴികൾ പല സ്ഥലത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാത്രിയിൽ കുഴിയിൽ പെട്ട് വാഹനത്തിൽ നിന്ന് വീണ് ഒരു യുവതിക്ക് പരിക്കേറ്റിരുന്നു. കേരളകൗമുദിയിൽ ഈ വാർത്ത ഒരു മാസം മുമ്പ് വന്നതിനെ തുടർന്ന് ദേശീയ പാത അധികൃതർ താത്കാലികമായി കുഴി അടച്ചിരുന്നു.