തൃശൂർ: പ്രചരണ രംഗത്തെ ചൂട് പിടിപ്പിച്ച് സ്ഥാനാർത്ഥികളുടെ സംഗമം യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം വിതറി. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ജില്ലയിലെ മറ്റ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന രമ്യ ഹരിദാസ് (ആലത്തൂർ), ബെന്നി ബഹനാൻ (ചാലക്കുടി) എന്നിവർ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന്റെ കോട്ടയായിരുന്ന തൃശൂർ ജില്ലയിൽ നഷ്ടപ്പെട്ട മൂന്ന് സീറ്റുകളും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലീഡർ കെ.കരുണാകരൻ, സി.എൻ.ബാലകൃഷ്ണൻ എന്നിവരെയും അദ്ദേഹം അനുസ്മരിച്ചു. പാർലമെന്റിൽ കാണാമെന്ന് മൂന്ന് സ്ഥാനാർത്ഥികളും പരസ്പരം വിജയാശംസകൾ നേർന്നു. ടൗൺഹാളിൽ നടന്ന കൺവെൻഷനിൽ യു.ഡി.എഫ് ജില്ലാചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷനായി.കൺവീനർ കെ.കെ. ഗിരിജൻ സ്വാഗതം പറഞ്ഞു. ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി പി.ദേവരാജൻ, ജോണി നെല്ലൂർ, കെ.എസ്. ഹംസ, പി.ആർ.എൻ. നമ്പീശൻ, എം.എൽ.എമാരായ അനിൽ അക്കര, റോജി ജോൺ, മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, എം.പി.ജാക്സൺ, വി.ബാലറാം, പത്മജ വേണുഗോപാൽ, ടി.വി.ചന്ദ്രമോഹൻ, അബ്ദുൾ റഹ്മാൻകുട്ടി, പി.എ.മാധവൻ,​ തോമസ് ഉണ്ണിയാടൻ, എം.പി.ഭാസ്കരൻ നായർ,സി.എ.മുഹമ്മദ് റഷീദ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു..