തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവും തിരഞ്ഞെടുപ്പ് ചെലവ് ചട്ട ലംഘനവും പൗരന്മാർക്ക് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ. സ്വന്തം മണ്ഡലത്തിന് കീഴിലെ ചട്ടലംഘനം കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇനി ആരും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് പോകേണ്ടതില്ല. പ്ലേ സ്‌റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ചട്ടലംഘനത്തിന്റെ ചിത്രമോ വീഡിയോയോ എടുത്ത് നേരിട്ട് അയച്ചാൽ മതിയാകും.
നടപടി 100 മിനിറ്റിനുള്ളിൽ
സമയബന്ധിതമാണ് ഈ ആപ്ലിക്കേഷന്റെ പ്രവർത്തനം. പരാതി നേരിട്ടെത്തുന്നത് ജില്ലാ തലത്തിലെ കൺട്രോൾ റൂമിന്റെ ഡാഷ്‌ബോർഡിലാണ്. കൺട്രോൾ റൂം, പരാതിയുടെ ഉറവിടം ജി.ഐ.എസ് (ജിയോഗ്രഫിക്കൽഇൻഫർമേഷൻ സിസ്റ്റം) സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി അതിന് ഏറ്റവും അടുത്ത എം.സി.സി സ്‌ക്വാഡിന് കൈമാറും. ഈ സ്‌ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച് റിപ്പോർട്ട് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകും. 100 മിനിറ്റിൽ നടപടി ഉണ്ടാകും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പരാതിയായ സന്ദേശം തന്നെ ഫീൽഡ് സ്‌ക്വാഡിന് വഴി കാട്ടും. നേരത്തെ റെക്കാഡ് ചെയ്ത സന്ദേശങ്ങൾ ഇതിലൂടെ അയക്കാനാവില്ല. ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുത്ത ശേഷം അയക്കാൻ അഞ്ച് മിനിറ്റ് മാത്രമേ പരാതിക്കാരന് ലഭിക്കൂ.
ജി.ഐ.എസ് നിർബന്ധം
ജി.ഐ.എസ് ഉപയോഗിക്കാതെ ഈ ആപ്പ് പ്രവർത്തിപ്പിക്കാനാവില്ല. പരാതിയുടെ മേൽ സ്വീകരിച്ച നടപടികൾ പരാതിക്കാർക്ക് അപ്പപ്പോൾ അറിയാൻ കഴിയും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മുതൽ പൗരന്മാർ വരെ നീളുന്ന ശൃംഖലകൾ ഇതിൽ കണ്ണികളാണ്. എന്നാൽ പൗരന്മാർക്ക് സിറ്റിസൻ ആപ്പും ഉദ്യോഗസ്ഥർക്ക് ഇൻവെസ്റ്റിഗേറ്റർ ആപ്പുമാണ്.
നടപടി ക്രമം ഇങ്ങനെ
ഫോൺ നമ്പർ നൽകി ഒറ്റത്തവണ പാസ്‌വേഡ് എടുത്താണ് ആപ്പിൽ പ്രവേശിക്കാനാവുക. എന്നാൽ, പേര് നൽകാതെ അജ്ഞാതനായും പരാതി നൽകാം. പക്ഷേ, ഇങ്ങനെ പരാതി നൽകുന്നവരുടെ ഫോൺ നമ്പർ ആപ്പിൽ സൂക്ഷിക്കില്ല. അതിനാൽ പരാതിയെക്കുറിച്ച് മറ്റുള്ളവർക്ക് നൽകുന്ന മറുപടി ഇവർക്ക് ലഭിക്കില്ല. ആപ്പ് ഉപയോഗിക്കാൻ കാമറയുള്ള സ്മാർട്ട് ഫോൺ വേണം. പെരുമാറ്റച്ചട്ട ലംഘനം നടക്കുന്ന സ്ഥലത്തുണ്ടെങ്കിൽ മാത്രമേ പരാതി നൽകാനാവൂ. ഫോണിൽ ജി.പി.എസ് ഓണാക്കിയിരിക്കണം. തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലത്ത് ആപ്ലിക്കേഷൻ പ്രവർത്തിക്കുകയില്ല. അത്ര കൃത്യമായി ജി.ഐ.എസ് ഉപയോഗിച്ചാണ് പ്രവർത്തനം..