ചാവക്കാട്: അച്ഛനെയും, മകനെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അയൽവാസിക്ക് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. ചേറ്റുവ കിഴക്കുമ്പുറം തൂമാട്ട് അയ്യപ്പൻ മകൻ ബാബുവിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ.എൻ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. ഏങ്ങണ്ടിയൂർ ചേറ്റുവ കിഴക്കുംപുറം ദേശത്ത് ഒളാട്ട് വീട്ടിൽ അശോകനെയും, മകൻ അഖിലിനെയും കുത്തി പരിക്കേൽപിച്ച കേസിലാണ് ശിക്ഷ. കേസിലെ ആറാം സാക്ഷി അയൽവാസിയായ വല വീട്ടിൽ സുബ്രു എന്നയാളെ ബാബു മർദ്ദിച്ചത്.

അന്വേഷിക്കാനെത്തിയ വാടാനപ്പിള്ളി പൊലീസിനോട് ബാബുവിനെതിരെ അശോകൻ മൊഴി നൽകിയതിന്റെ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. കൂലി പണി കഴിഞ്ഞ് വന്ന് വീടിന് മുൻവശമുള്ള റോഡിൽ നിൽക്കുകയായിരുന്ന അശോകനെ പ്രതി പതിയിരുന്ന് കത്തി കൊണ്ട് വയറിലും മറ്റും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ചെന്ന മകൻ അഖിലിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. സാക്ഷിമൊഴികളും, രേഖകളും പരിശോധിച്ച് തെളിവെടുത്ത കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനായി അഡ്വ. കെ.ബി. സുനിൽ കുമാർ, അഡ്വ. കെ.ആർ. രജിത് കുമാർ എന്നിവർ ഹാജരായി...