ചാലക്കുടി: ചേട്ടൻ ജയിക്കുമെന്ന് ഉറപ്പാണ്, വിളിക്കെടാ പിള്ളാരെ മുദ്രാവാക്യം, ഇന്നസെന്റിന്, ജയ്.. ഇടതുപക്ഷത്തിന് ജയ്. കേട്ടമാത്രയിൽ ഒപ്പമുണ്ടായവരും ഉച്ചത്തിൽ അതേറ്റു പറഞ്ഞു. അഞ്ചുവർഷം മുമ്പ് ചേനത്തുനാട്ടിലെ മണിക്കൂടാരത്തിൽ അരങ്ങേറിയ ഒരു രംഗമായിരുന്നു ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട ഉടനെ കലാഭവൻ മണിയെ കാണാനെത്തിയതായിരുന്നു അന്ന് ഇന്നസെന്റ്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മണി, ഇന്നച്ചന് വേണ്ടി കനത്ത ശബ്ദത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മനസിന്റെ തിരശീലയിൽ ഒരിക്കൽകൂടി ഇതെല്ലാം തെളിഞ്ഞതായിരിക്കും മണിയുടെ കല്ലറയ്ക്ക് സമീപം ഇന്നസെന്റ് ഏറെ നേരം മൂകനായി നിന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഇപ്പോഴില്ലെന്ന ദുഖഃവും അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. വീണ്ടും സ്ഥാനാർത്ഥിയായ ഇന്നസെന്റ് മണിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു. ചുവന്ന പുഷ്പം കല്ലറയിൽ സമർപ്പിച്ച് അദ്ദേഹം അൽപ്പനേരം കൂപ്പുകൈകളുമായി നിന്നു. ബി.ഡി. ദേവസി എം.എൽ.എ, അഡ്വ. പി.കെ. ഗിരിജാവല്ലഭൻ, വാർഡ് കൗൺസിലർമാരായ വി.ജെ. ജോജി, സീമാ ജോജോ, മുൻ കൗൺസിലർ സി.എസ്. സുരേഷ് എന്നിവരും സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.