ചേർപ്പ്: ജനസാഗരത്താലും.ഐതിഹ്യ ആചാര ചടങ്ങുകളും മേള പെരുമ കൊണ്ടും ഭൂമിയിലെ ഏറ്റവും വലിയ ദേവസംഗമമായ ആറാട്ടുപുഴ പൂരം ഭക്തിസാന്ദ്രമായി. ജില്ലയിലെ 24 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവി ദേവന്മാർ ദേവസംഗമത്തിന് സാക്ഷ്യം വഹിച്ചു. തൊട്ടിപ്പാൾ പകൽ പൂരത്തിന് ശേഷം ഇന്നലെ വൈകീട്ട് ആറാട്ടുപുഴയിൽ മടങ്ങിയെത്തിയ ശാസ്താവ് ശ്രീഭൂതബലി, നിത്യപൂജകൾ എന്നിവയ്ക്ക് ശേഷം ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളി.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. പൂരപ്പാടത്തെ നാദപ്രപഞ്ചമാക്കി മാറ്റി. മേളത്തിന് ശേഷം മാനത്ത് ദീപക്കാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. തുടർന്ന് ശാസ്താവ് തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്ന് നോക്കുവാനായി ഏഴു കണ്ടം അതിർത്തി വരെ പോകുകയും മടക്കയാത്രയിൽ ശാസ്താവ് നിലപാട് തറയിൽ ഏവർക്കും ആതിഥ്യമരുളി നിൽക്കുകയും ചെയ്തു. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിനെ നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
തുടർന്ന് ദേവീ ദേവന്മാരുടെ എഴുന്നള്ളിപ്പുകൾ പൂരപ്പാടത്ത് നടന്നു. തേവർ കൈതവളപ്പിൽ എത്തുന്നത് വരെ എഴുന്നള്ളിപ്പുകൾ അവിസ്മരണീയമായി തുടർന്നു. തേവർ പല്ലിശേരി സെന്ററിൽ നിന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യത്തിന്റെ നാദപ്പെരുമയിൽ കൈതവളപ്പിൽ അർദ്ധരാത്രി എത്തുകയും തുടർന്ന് 11 ഗജവീരന്മാരുടെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പിനായി വിശാലമായ പൂരപ്പാടത്തേക്ക് പുറപ്പെട്ടു.
വൈകുണ്ഠദർശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂട്ടിയെഴുന്നള്ളിപ്പും ഇന്ന് രാവിലെ ദേവി ദേവന്മാർ തമ്മിലുള്ള മന്ദാരംകടവിലെ ആറാട്ടും ഉപചാരം ചൊല്ലി പിരിയിലും, അടുത്ത വർഷത്തെ പൂരത്തിന്റെ തിയതി ഗണിച്ചുമാണ് പൂരത്തിന് സമാപ്തിയാകുക. വൈകീട്ട് ക്ഷേത്രത്തിൽ ഗ്രാമബലിയും ഉണ്ടാകും.