തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്‌കാരത്തിന് മേഘാലയ സിനിമ 'മാ അമാ' തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഡൊമിനിക് മെഗം സംഗ്മ സംവിധാനം ചെയ്ത ഗാരോ ഭാഷയിലുള്ളതാണ് ചിത്രം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്, ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ സമ്മാനിക്കും. ജൂറിയുടെ പ്രത്യേക പരാമർശത്തിന് ആദിത്യ വിക്രം സെൻഗുപ്ത സംവിധാനം ചെയ്ത ബംഗാളി ചിത്രം ജോനകിയെ തെരഞ്ഞെടുത്തതായും ഭാരവാഹികൾ പറഞ്ഞു. ജൂറി ചെയർമാനും സംവിധായകനുമായ ഗിരീഷ് കാസറവള്ളി, അംഗങ്ങളായ ഡോ. ജാനകി, ഫൗസിയ ഫാത്തിമ, ഫെസ്റ്റിവൽ ഡയറക്ടർ ടി. കൃഷ്ണനുണ്ണി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു...