k-muraleedharan

തൃശൂർ: മുരളീ മന്ദിരത്തിലുള്ള അച്ഛൻ കെ. കരുണാകരന്റെ സ്‌മൃതി മണ്ഡപത്തിൽ പൂക്കളർപ്പിച്ച് കണ്ണടച്ച് പ്രാർത്ഥിച്ച് ആത്മവിശ്വാസത്തിന്റെ നിറകുടവുമായി കെ. മുരളീധരൻ വടകരയിലേക്ക്. സി.പി.എമ്മിന്റെ അക്രമവും ബൂത്ത് പിടിത്തവുമടക്കമുള്ള വെല്ലുവിളി നേരിടാനുറച്ചാണ് പോകുന്നതെന്ന് മുരളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. വടകരയിൽ ജയിച്ചാൽ ജനങ്ങൾ വട്ടിയൂർക്കാവിലും കോൺഗ്രസിനെ ജയിപ്പിക്കുമെന്നുള്ള ആത്മവിശ്വാസവും അദ്ദേഹം പങ്കിട്ടു.
ഉറപ്പായ നിയോജക മണ്ഡലത്തിലല്ല മത്സരിക്കുന്നത്. വടകരയിൽ കോ-ലീ-ബി സഖ്യം എന്നത് സി.പി.എമ്മിന്റെ തുരുമ്പിച്ച ആരോപണമാണ്. യു.ഡി.എഫിന് സംഘപരിവാറിന്റെയോ മറ്റാരുടെയോ പിന്തുണ ആവശ്യമില്ല. മതേതര കാഴ്‌ചപ്പാടിനെ പിന്തുണയ്‌ക്കുന്നവരുടെയും ഇടതുപക്ഷത്തിന്റെയും വോട്ടുകൾ പിടിക്കും. കഴിഞ്ഞ രണ്ടുതവണയും ഇടതുപക്ഷ ആശയക്കാരുടെ വോട്ടുകൾ കൊണ്ടുകൂടിയാണ് കോൺഗ്രസ് വടകരയിൽ ജയിച്ചത്. കേന്ദ്രത്തിൽ സി.പി.എമ്മിന് ഒരു സ്ഥാനവുമില്ല.

എതിർ സ്ഥാനാർത്ഥികളെ വിമർശിക്കുന്ന സ്വഭാവം തനിക്കില്ല. 1989ൽ സീനിയർ നേതാവായ ഇമ്പിച്ചിബാവ‌യ്ക്ക് എതിരെയാണ് ആദ്യം മത്സരിച്ചത്. തുടക്കക്കാരനായിട്ടും തുല്യ എതിരാളിയായിട്ടാണ് അദ്ദേഹം എന്നോട് പെരുമാറിയത്. എതിർ സ്ഥാനാർത്ഥിയെ വിമർശിക്കുന്നത് അന്തസുള്ള സ്ഥാനാർത്ഥിക്ക് ചേർന്നതല്ലെന്ന് അച്ഛനും പറഞ്ഞിട്ടുണ്ട്. ഈ രണ്ടു അനുഭവവും ഉള്ളതിനാൽ ഒരു തിരഞ്ഞെടുപ്പിലും എതിർ സ്ഥാനാർത്ഥിയെ കുറിച്ച് ഒന്നും പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ കല്യാണിക്കുട്ടിയുടെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തി. സഹോദരിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പത്മജാ വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റും തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ ടി.എൻ. പ്രതാപൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, എം.പി. വിൻസെന്റ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, സി.എൻ. ഗോവിന്ദൻകുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.