തൃശൂർ: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ എത്തിയതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആക്കം കൂടി. വോട്ടുവണ്ടിയുടെ പ്രയാണം കളക്ടറേറ്റിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഫ്‌ളാഗ് ഒഫ് ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെ കുറിച്ച് തൃശൂർ നിയമസഭ മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ആർ.ഡി.ഒ പി.എ വിഭൂഷണൻ ക്ലാസെടുത്തു. ആർ.ഡി.ഒ ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലയിൽ തിരഞ്ഞെടുപ്പിന് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതുൾപ്പെടെ സമ്മതിദായകർക്ക് നൽകേണ്ടുന്ന വിവരങ്ങൾ, രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ട അച്ചടക്കം എന്നിവയെ കുറിച്ച് വിശകലനം നടത്തി.

ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭ നിയോജക മണ്ഡലങ്ങളിലെ സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം മാർച്ച് 21 ന് തലപ്പിള്ളി താലൂക്ക് കോൺഫറൻസ് ഹാളിലും ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം അസംബ്‌ളി നിയോജക മണ്ഡലങ്ങളിലെ സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം മാർച്ച് 22 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും ചേരും. തൃശൂർ, ഒല്ലൂർ, മണലൂർ, ഗുരുവായൂർ അസംബ്‌ളി നിയോജക മണ്ഡലങ്ങളിലെ സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം മാർച്ച് 25 ന് അയ്യന്തോളിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട അസംബ്ലി നിയോജക മണ്ഡലങ്ങളിലെ സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം മാർച്ച് 26 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും നടത്തുമെന്ന് ട്രെയിനിംഗ് നോഡൽ ഓഫീസർ അറിയിച്ചു.

പെരുമാറ്റചട്ടം നിലവിൽ വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിന് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം മാർച്ച് 21 ന് രാവിലെ 11 ന് ചാവക്കാട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം :
തിരഞ്ഞെടുപ്പ് ഓഫീസർ


ജനുവരി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഫോം 6 പൂരിപ്പിച്ച് ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാം. പുതുതായി ചേർത്തവരുടെ പേര് കൂടി ഉൾപ്പെടുത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ ചേർക്കാൻ സംസ്ഥാനത്ത് നാല് ലക്ഷം പുതിയ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പുതിയ വോട്ടറെ ചേർക്കുന്നതിനുള്ള അപേക്ഷകൾ മാർച്ച് 25ന് മുമ്പായി തീർപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

സൈനികരുടെ
ചിത്രങ്ങൾ ഉപയോഗിക്കരുത്


രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികർ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സൈനികർ ഉൾപ്പെടുന്ന പ്രവൃത്തികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ പാടില്ലെന്നും വ്യക്തമാക്കി.