ksebdharna
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ധർണ്ണ

ചാലക്കുടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേബിൾ ഓപറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി വൈദ്യുതി ഭവന് മുന്നിൽ കൂട്ടധർണ്ണ നടത്തി. പ്രകടനത്തിനു ശേഷം നടത്തിയ ധർണ്ണ മുൻ എം.എൽ.എ: ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചാനലുകളെ ഇല്ലാതാക്കാനുള്ള കുത്തക കമ്പനികളുടെ ഗൂഢതന്ത്രങ്ങൾക്ക് കെ.എസ്.ഇ.ബി.എൽ ഒത്താശ ചെയ്യുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.

സാധാരണ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രദേശിക ചാനലുകളുടെ നിലനിൽപ്പിന് നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സാറ്റലൈറ്റ് ചാനലുകളെയെല്ലാം വിദേശ കുത്തകൾ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ കേബിൾ ടി.വി രംഗവും കൈയടക്കാനാണ് അവരുടെ ശ്രമം. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ആവശ്യമാണ്. സർക്കാരുടെ ഇടപെടലുകളും അത്യന്താപേക്ഷിതമാണെന്നും ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.

പി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി. രാജൻ,സംസ്ഥാന കമ്മിറ്റി അംഗം പി.പി. സുരേഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് പി.എ. ആന്റണി, വൈസ് പ്രസിഡന്റ് പി.എസ്.എ. ബക്കർ, മാള മേഖലാ സെക്രട്ടറി പി.എൽ. ജോണി, പുതുക്കാട് മേഖലാ സെക്രട്ടറി ഷീഫർ, വെള്ളിക്കുളങ്ങര ജോബി എന്നിവർ പ്രസംഗിച്ചു.