ചാലക്കുടി: വിളവെടുപ്പിന്റെ വിരഗാഥ രചിച്ച് മേലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുൽക്കൃഷി. ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിൽ പാട്ടത്തിനെടുത്ത രണ്ടരയേക്കർ സ്ഥലത്ത് നടക്കുന്ന ഇപ്പോഴത്തെ വിളവെടുപ്പും പ്രതീക്ഷകളെ വകഞ്ഞുമാറ്റി മുന്നേറുകയാണ്. പ്രളയത്തിനു ശേഷം നടന്ന രണ്ടാം ഘട്ട വിളവെടുപ്പിൽ 27 ടൺ പുല്ല് ലഭിച്ചത് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ പോലും അമ്പരപ്പിച്ചു.
2017 പകുതിയോടെ തുടക്കമിട്ട തീറ്റപ്പുൽക്കൃഷി രണ്ടാംഘട്ട വിളവെടുപ്പിന് ഒരുങ്ങുമ്പോഴായിരുന്നു അതിവർഷത്തിന്റെ ആകസ്മിക വരവ്. നശിച്ചുപോയ ഭൂരിഭാഗം തണ്ടുകൾക്ക് പകരം പുതിയത് നടേണ്ടി വന്നപ്പോൾ സംഘത്തിന് വലിയ തുക ചെലവായി. തുടർന്നുള്ള അവരുടെ പരിശ്രമങ്ങൾ വൃഥാവിലായില്ല. കഴിഞ്ഞ രണ്ടു വിളവെടുപ്പുകളിലും ടൺ കണക്കിന് പുൽ ലഭിച്ചു.
വിളവെടുക്കുന്ന പുല്ലുകൾ മുഴുവൻ സംഘത്തിലെ കർഷകർക്ക് വിൽപ്പന നടന്ന സമ്പ്രദായത്തിനും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ സബ്‌സിഡി ഇനത്തിലാണ് പുല്ല് വിതരണം. ഇപ്പോഴത്തെ കൊടും വേനൽ പുൽക്കൃഷിക്ക് ഭീഷണിയാകുന്നുണ്ട്. സ്പിംഗ്ലർ സംവിധാനത്തിൽ നടക്കുന്ന ജലസേചനത്തിനും വെയിലിനെ പ്രതിരോധിക്കാനാവുന്നില്ല. ഈ സാഹചര്യത്തിൽ വെള്ളം എത്തിക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി സംഘം പ്രസിഡന്റ് വി.ഡി. തോമസ് പറഞ്ഞു.