കുന്നംകുളം : ഇന്ത്യയിൽ രാഷ്ട്രീയ സ്ഥിരതയുള്ള സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നംകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനകീയം - 2019 പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മഹാസഖ്യം അല്ല ഇപ്പോൾ ആവശ്യം. രാഷ്ട്രീയ സ്ഥിരതയുള്ള ഒരു സർക്കാരാണ് വേണ്ടത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തു വിമർശനങ്ങൾ ഉന്നയിച്ചാലും കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ബി.ജെ.പിയുടെ പ്രചരണ സംവിധാനങ്ങളിൽ ഏറ്റവും വലിയ സുവർണാവസരമാണ് ശബരിമല വിഷയം. അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജേഷ്, പ്രസ് ക്ലബ് സെക്രട്ടറി മോഹൻദാസ്, ഗിരീഷ് കുമാർ, സജിത്ത് എന്നിവർ സംസാരിച്ചു.