തൃശൂർ: ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടപെടലുകൾ നടത്താൻ വാർ റൂം സജ്ജമായി. യു.ഡി.എഫ് സ്ഥാനാർത്ഥികളായ ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എന്നിവരുടെ പര്യടന പരിപാടികളും വോട്ടർമാരുമായി സംവദിക്കുന്നതുമടക്കം തിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടും ചോരാതെ കെ.പി.സി.സി ഐ.ടി സെല്ലിന് കീഴിലുള്ള വാർറൂം വഴി കാഴ്ച്ചക്കാരിലെത്തും.
സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന പ്രധാന പരിപാടികൾ ഫേസ് ബുക്ക് ലൈവ് വഴി കാണാം. മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസനത്തെക്കുറിച്ചും വോട്ടർമാരുടെ കാഴ്ച്ചപ്പാടുകളും സ്ഥാനാർത്ഥികളുമായി സംവദിക്കാനുള്ള അവസരവും വാർ റൂം വഴി ഒരുക്കിയിട്ടുണ്ട്. ഡി.സി.സി ഓഫീസിൽ ഒരുക്കിയ വാർ റൂം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഐ.ടി സെൽ കൺവീനർ വിജയ് ഹരിയുടെ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, മുൻ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻ കുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, സാഗർ സലീം എന്നിവർ പങ്കെടുത്തു...