ചാവക്കാട്: വിപുലമായി കൊട്ടിഘോഷിച്ച് നവീകരണോദ്ഘാടനം കഴിഞ്ഞെങ്കിലും ചരിത്ര സ്മാരകമായ ചേറ്റുവ കോട്ടയുടെ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചില്ല. ഫെബ്രുവരി 25ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കോട്ടയുടെ സൗന്ദര്യം നിലനിറുത്തി നവീകരണം നടത്താൻ 115 ലക്ഷം രൂപ പുരാവസ്തു വകുപ്പ് അനുവദിച്ചതായും സെക്യൂരിറ്റിയെ നിയമിച്ച് നടപ്പാലം, ശുചിമുറി എന്നിവയെല്ലാം നിർമ്മിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ പണിയൊന്നും ആരംഭിച്ചിട്ടില്ല.
1714 ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കൊച്ചി രാജാവിന്റെ അനുമതിയോടെ നിർമ്മിച്ച കോട്ടയിൽ ഇനി ബാക്കിയുള്ളത് കുറെ കല്ലുകളും അവയ്ക്ക് മുകളിൽ പടർന്നു കയറിയ കാടും മാത്രം. മൂന്നു നൂറ്റാണ്ടിന്റെ പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണ് കാടുകയറിയ ശ്മശാന ഭൂമിക്ക് സമാനമാണിപ്പോൾ. കോട്ടയിലെ നല്ലൊരു പങ്ക് കല്ലും മണ്ണും പണ്ടേ തന്നെ കടത്തി കൊണ്ട് പോയിരുന്നു. കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങുകൾ മണ്ണ് വന്നടിഞ്ഞു പലയിടത്തും ആഴം കുറഞ്ഞു. ഈ മണ്ണിൽ ഖനനം നടത്തിയാൽ ചരിത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താനാവുമെന്നാണ് ചരിത്രാന്വേഷികൾ പറയുന്നത്. കോട്ടയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാനായി ഇതിന്റെ ചുമതല ഏറ്റെടുത്ത സംസ്ഥാന പുരാവസ്തു വകുപ്പ് ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാതായതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്.
പിന്നീടാണ് നവീകരണം നടത്താൻ തീരുമാനമായത്. എന്നാൽ നവീകരണോദ്ഘാടനം കഴിഞ്ഞിട്ടും ചരിത്രമുറങ്ങുന്ന ഈ കോട്ടയോട് അധികൃതർ കാണിക്കുന്ന അവഗണന തുടരുകയാണ് ഇപ്പോഴും.
..............................
ബാക്കിയുള്ളത് കുറെ കല്ലുകളും പടർന്നു കയറിയ കാടും
1714 ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കൊച്ചി രാജാവിന്റെ അനുമതിയോടെ നിർമ്മിച്ച കോട്ടയിൽ ഇനി ബാക്കിയുള്ളത് കുറെ കല്ലുകളും അവയ്ക്ക് മുകളിൽ പടർന്നു കയറിയ കാടും മാത്രം. മൂന്നു നൂറ്റാണ്ടിന്റെ പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണ് കാടുകയറിയ ശ്മശാന ഭൂമിക്ക് സമാനമാണിപ്പോൾ.