തൃശൂർ : ഇന്ത്യയിലെ ഏറ്റവും വലിയ വിപണന മേളകളിലൊന്നായ ദേശീയ സരസ്‌മേള 28 മുതൽ ഏപ്രിൽ ഏഴ് വരെ കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നടക്കുമെന്ന് കളക്ടർ ടി.വി. അനുപമ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും സഹായത്തോടെ കേരളത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത് അഞ്ചാം തവണയാണ് സരസ്‌മേള നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടെ സംഘടിപ്പിക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങ് ഉണ്ടാവില്ല. ആകെ 250 സ്റ്റാളുകൾ ഉണ്ടാവും. ഇതിൽ 100 സ്റ്റാളുകൾ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകർക്കാണ്. ഗ്രാമീണ കരകൗശല ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗാർഹിക ഉത്പന്നങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ എന്നിങ്ങനെ നൂറുകണക്കിന് ഉത്പന്നങ്ങളും ആയിരത്തിൽപരം സംരംഭകരും മേളയുടെ ഭാഗമായി കുന്നംകുളത്ത് സംഗമിക്കും.
കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട് എന്ന പേരിൽ ഒരുക്കുന്ന ദേശീയ ഭക്ഷ്യമേളയും ഉണ്ടാകും. കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി 25 സ്റ്റാളുകൾ ഭക്ഷ്യവിഭവങ്ങൾക്ക് മാത്രമായി ഒരുക്കുന്നുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ഝാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളിലെ വനിതാ സംരംഭകരാണ് തനതായ ഗ്രാമരുചി ഭേദങ്ങൾ അട്ടപ്പാടിയിലേതുൾപ്പെടെയുള്ള ആദിവാസി സമൂഹം ഒരുക്കുന്ന വനവിഭവങ്ങൾ, ട്രാൻസ്‌ജെൻഡർ സരംഭകരുടെ സ്റ്റാളുകൾ തുടങ്ങിയവയും മേളയിൽ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 12 മണി വരെ സെമിനാറുകൾ, വൈകീട്ട് ഏഴ് മുതൽ 9 മണി വരെ പ്രമുഖർ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവയും അരങ്ങേറുന്നുണ്ട്...