maliynam
മാലിന്യം ചാക്കിലാക്കി കൊണ്ടുവന്ന് തള്ളിയ നിലയിൽ

പുതുക്കാട്: പുതുക്കാട് പഞ്ചായത്തിലെ കേളിപാടം അറവു മാലിന്യ നിക്ഷേപകേന്ദ്രമായി. വടക്കെ തൊറവിൽ നിന്നും ആമ്പല്ലൂരിലേക്കുള്ള റോഡിന് ഇരുവശത്തുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഗ്രാമ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും നടത്തുന്ന കശാപ്പിനു ശേഷം മാലിന്യം ചാക്കിലാക്കി കൊണ്ടുവന്ന് തള്ളുകയാണ്.

ജനവാസ കേന്ദ്രത്തോട്‌ ചേർന്ന വെള്ളക്കുഴികളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മഴ പെയ്താൽ അഴുകിയ മാലിന്യം തോടുകളിലൂടെ ഒഴുകി മണലി പുഴയിൽ ചേരുകയും സമീപവാസികളുടെ കിണറുകളിൽ ഉറവ വഴി എത്തുകയും ചെയ്യും. കോഴി മാംസ വില്പന കേന്ദ്രങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഇവിടെ സ്ഥിരമായി തള്ളുന്നുണ്ട്. ഗ്രാമപഞ്ചായത്തുകൾ തങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിലെ അംഗീകൃതവും അനധികൃതവുമായ മാംസ വില്പന കേന്ദ്രങ്ങളിലെ മാലിന്യം എങ്ങിനെ സംസ്‌കരിക്കുന്നു എന്നത് അന്വേക്ഷിക്കാത്തതും ഇക്കൂട്ടർക്ക് സൗകര്യമാകുന്നു.

ദേശീയ പാതയിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്തും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ കീഴിൽ വാർഡുകൾ തോറും ബോധവൽകരണ ക്ലാസുകൾ നടത്തുമ്പോൾ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് കണ്ടില്ലന്ന് നടിക്കുകയാണ്. മാലിന്യ നിക്ഷേപം മൂലം തെരുവു പട്ടികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.