കൊടുങ്ങല്ലൂർ: പരാജയപ്പെട്ട ഭരണകൂടങ്ങളെ തിരസ്കരിക്കാനുള്ള പോരാട്ടമാണ് പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയത്തിനായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പരിപാടികൾ ആവിഷ്കരിക്കുന്നതിന് ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങൾക്ക് മറുപടി പറയാൻ ആർജ്ജവം കാണിക്കാത്ത ആളാണ് പ്രധാനമന്ത്രി . ജഡ്ജിമാർക്ക് രക്ഷയില്ല, എഴുത്തുകാർക്ക് രക്ഷയില്ല, അസഹിഷ്ണുത വർദ്ധിക്കുന്നു. റിസർവ് ബാങ്ക് പോലും അറിയാതെ നോട്ടു നിരോധനം നടത്തുന്നു. സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണെന്നും മുൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പണി മാത്രമാണ് ഇപ്പോൾ എൽ.ഡി.എഫിനുള്ളതെന്നും ബൽറാം തുടർന്ന് പറഞ്ഞു. ടി. യു. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ എ, എം.കെ മാലിക്ക്, ടി.എം നാസർ തുടങ്ങിയവർ പ്രസംഗിച്ചു.