vigish-ethai
തൃപ്രയാർ സർഗ്ഗ സംസ്കൃതിയുടെ നേതൃത്വത്തിൽ വിജീഷ് ഏത്തായിയെ ആദരിക്കുന്നു.

വാടാനപ്പിള്ളി : ഇവർക്ക് മരങ്ങൾ എന്നും വരമാണ് ഏങ്ങണ്ടിയൂർ ഏത്തായി കരിപ്പയിൽ കുടുംബത്തിന്. കാൽനൂറ്റാണ്ടായി സ്വന്തം പുരയിടത്തിൽ വിജീഷ് മരങ്ങൾ വെച്ച് പിടിപ്പിക്കാൻ തുടങ്ങിയിട്ട്. പത്ത് വയസിൽ തുടങ്ങിയ ഈ മാതൃകാ പ്രവർത്തനം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ജില്ല കൊടുംചൂടിൽ ഉരുകുമ്പോഴും വിജീഷിന്റെ പുരയിടത്തിലെ താപനില 25 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ ചൂട് കുറവായതിനാൽ നിരവധി പക്ഷിമൃഗാദികളും ഈ കാട്ടിൽ വിരുന്നുകാരായി ദിനം പ്രതി എത്തുന്നുണ്ട്. വിവിധ ഇനത്തിലുള്ള ഔഷധ സസ്യങ്ങളും മുളകളും ഇവിടെയുണ്ട്. ഇരുപത്തഞ്ച് വർഷം കൊണ്ട് വീട് കാടാക്കി മാറ്റിയ വിജീഷിനെ തേടി നിരവധി ആദരവുകളും എത്തിയിരുന്നു. വനദിനമായ ഇന്നലെ തൃപ്രയാർ സർഗ്ഗസംസ്കൃതിയുടെ നേതൃത്വത്തിൽ വിജീഷ് ഏത്തായിയെ ആദരിച്ചു.

വിജീഷ് നട്ടുവളർത്തിയ മരങ്ങൾക്കിടയിൽ വെച്ച് കലാസംവിധായകൻ ജിത്ത് അന്തിക്കാട് സർഗ്ഗ സംസ്കൃതിക്ക് വേണ്ടി പൊന്നാട ചാർത്തി ആദരിച്ചു. സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് അദ്ധ്യക്ഷത വഹിച്ചു. സൈലേഷ് നെല്ലിപറമ്പിൽ, അജി മുല്ലശ്ശേരി, മോഹിത് വിജീഷ് എന്നിവർ പങ്കെടുത്തു...