ചാലക്കുടി: വഴിയോരത്ത് കുഞ്ഞാലമ്മയുടെ കുനിഞ്ഞുനിൽപ്പ് പ്രായാധിക്യം കൊണ്ടല്ല, ഏതെങ്കിലും പച്ചമരുന്ന് ചെടി തെരയുകയാകും. ചെടികൾ സഞ്ചിയിലാക്കിയാൽ കൈയ്യും വീശി സഞ്ചാരം തുടരും. നടക്കുക മാത്രമല്ല, ബസിലും ഓട്ടോയിലും യാത്ര ചെയ്യാനും ഈ 95കാരി തയ്യാർ. ഏകാംഗയായി തുടരുന്ന കുഞ്ഞാലമ്മയ്ക്ക് ജീവിതവഴികളിലും ഈ തന്റേടം തന്നെ തുണ.
കോടശേരി പഞ്ചായത്തിലെ നായരങ്ങാടിക്കാരി ഏല്യാമ്മയെന്ന എലിസബത്തിന് ഈ വർഷം 95 തികയും. ഒരുകാലത്ത് 'നാട്ടിലെ ഗൈനക്കോളജിസ്റ്റാ"യിരുന്ന ഇവർ നൂറ്റിയമ്പതോളം പ്രസവം എടുത്തിട്ടുണ്ടെന്നാണ് ഏകദേശക്കണക്ക്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളുടെ പ്രസവത്തിനും നാട്ടറിവും കേട്ടറിവും കൈമുതലായുള്ള ഈ മുത്തശ്ശിയുടെ കൈപുണ്യം രക്ഷയായിട്ടുണ്ട്. ആരോടും കണക്കുപറഞ്ഞ് പണം വാങ്ങാറില്ല. പലർക്കും സൗജന്യ സേവനവുമായിരുന്നു.
നാടിനായി ഉഴിഞ്ഞു വച്ച ജീവിതമാണ് ചേനത്തുപറമ്പിൽ ജോസഫിന്റെ ഭാര്യ എലിസബത്തിന് കുഞ്ഞാലമ്മയെന്ന പേര് സമ്മാനിച്ചത്. 17 വർഷം മുമ്പ് ഭർത്താവ് മരിച്ച ശേഷം നായരങ്ങാടിയിലെ ഓടിട്ട വീട്ടിലാണ് താമസം. തങ്ങളുടെ കൂടെ താമസിക്കാനുള്ള മക്കളുടെ ക്ഷണം സ്‌നേഹത്തോടെ നിരസിച്ചായിരുന്നു ഇത്രയും കാലത്തെ ജീവിതം. മുറ്റം തൂത്തുവാരുന്നതിനും വെള്ളം കോരുന്നതിനും ഇപ്പോഴും പരസഹായമില്ല. അരിഭക്ഷണം നിർബന്ധമല്ലെങ്കിലും തയ്യാറാക്കുന്നതിനും മറ്റാരുടെയും സഹായം വേണ്ട.
ഇപ്പോഴത്തെ പ്രധാന ജോലി കേശരക്ഷക്കുള്ള എണ്ണ തയ്യാറാക്കലാണ്. നാളികേരം ചിരകി പിഴിഞ്ഞെടുത്ത് പത്തുതരം നാടൻ മരുന്നുകൾ ചേർത്ത് കാച്ചിയെടുക്കുന്ന തനി നാടൻ കേശഭൃംഗാദി തൈലത്തിന് ഇപ്പോഴും നാട്ടിൽ വൻഡിമാന്റാണ്. നാട്ടിലെ സ്ത്രീകൾക്ക് പ്രസവരക്ഷാർത്ഥം കുഞ്ഞാലമ്മ ഓതിക്കൊടുന്ന ഒരു പ്രത്യേക മെനുവുണ്ടായിരുന്നു. അതിലെ ഒരു ഐറ്റമാണ് ഇപ്പോൾ മാസത്തിലൊരിക്കൽ തയ്യാറാക്കുന്നത്.
വാർദ്ധക്യത്തെ മാത്രമല്ല, ജീവിതശൈലി രോഗങ്ങളെയും പുറത്തുനിറുത്താൻ അദ്ധ്വാനശീലത്തിലൂടെ ഈ മുത്തശ്ശിക്ക് കഴിയുന്നു. മൂന്നാം ക്ലാസിൽ പഠനം അവസാനിപ്പിച്ചെങ്കിലും കണ്ണട വച്ചും അല്ലാതേയും മലയാളം നന്നായി വായിക്കും. താൻ ന്യൂ ജനറേഷന്റെ തെല്ലും പിന്നിലല്ല, എന്നു തെളിയുക്കുന്നതാണ് മൊബൈൽ ഫോണിലെ സംസാരം. നാട്ടുകാർക്ക് മുന്നിൽ അത്ഭുത പ്രതിഭയാകുന്ന മുത്തശ്ശിക്ക് എന്നും നിത്യ യൗവനം തന്നെ.