തൃശൂർ: കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാവ്യമണ്ഡലം, സാഹിത്യകാരൻ രാജൻ കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് എം.എസ്. ബനേഷ് അർഹനായി. 'നല്ലയിനം പുലയ അച്ചാറുകൾ' എന്ന കൃതിക്കാണ് പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം. പ്രൊഫ. എം. തോമസ് മാത്യു, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ബക്കർ മേത്തല എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.
ഏപ്രിൽ 28ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചിട്ടുള്ള രാജൻസ്മൃതി 2019ൽ പ്രൊഫ. എം. തോമസ് മാത്യു അവാർഡ് വിതരണം ചെയ്യുമെന്ന് കാവ്യമണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർത്തമാനകാല ജീവിതത്തിലും മരിക്കാതെ പത്തിവിടർത്തുന്ന ജാതീയതയെ പ്രതിരോധിക്കുന്ന കവിതയാണ് നല്ലയിനം പുലയ അച്ചാറുകൾ എന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ബക്കർ മേത്തല, കാവ്യമണ്ഡലം ഭാരവാഹികളായ പി.എൽ. തോമസ്‌കുട്ടി, അഡ്വ. എം. ബിജുകുമാർ, വീക്ഷണം കരീം എന്നിവർ പങ്കെടുത്തു.