തൃശൂർ: തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്‌ക്വാഡുകൾ പിടിച്ചെടുക്കുന്ന പണം സംബന്ധിച്ച് ഉണ്ടാകുന്ന പരാതികൾ സൂക്ഷ്മ പരിശോധന നടത്തുന്നതിനായി മൂന്നംഗ സമിതിയെ ജില്ലാ കളക്ടർ നിയമിച്ചു. പൊലീസോ ഫ്‌ളയിംഗ് സ്‌ക്വാഡോ സ്റ്റാറ്റിക് സർവൈലൻസ് ടീമോ പണം പിടിച്ചെടുത്താൽ ഈ സമിതിക്ക് സ്വമേധയാ പരിശോധന നടത്താം. പണം പിടിച്ചെടുത്തതിൽ എഫ്.ഐ.ആറോ പരാതിയോ ഫയൽ ചെയ്തിട്ടില്ലെന്നോ പിടിച്ചെടുത്ത പണം സ്ഥാനാർത്ഥിയുമായോ രാഷ്ട്രീയ പാർട്ടിയുമായോ തിരഞ്ഞെടുപ്പ് പ്രചാരണവുമായോ ബന്ധമില്ലാത്തതാണെന്നോ കണ്ടെത്തിയാൽ, വാക്കാൽ ഉത്തരവ് നൽകി പണം അടിയന്തരമായി വിട്ടുനൽകാൻ സമിതിക്ക് അധികാരമുണ്ട്. പിടിച്ചെടുത്ത പണം പത്ത് ലക്ഷത്തിൽ കൂടുതലാണെങ്കിൽ ഇൻകം ടാക്‌സ് നോഡൽ ഓഫീസറെ എഴുതി അറിയിച്ച ശേഷം മാത്രമേ വിട്ടുനൽകാവൂ. പി.എ.യു പ്രൊജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ ട്രഷറി ഓഫീസർ കെ.കെ. ഫസൽ, ജി.എസ്.ടി നോഡൽ ഓഫീസറും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡൽ ഓഫീസറുമായ ടി.എ. അഭിലാഷ് എന്നിവരാണ് സമിതി അംഗങ്ങൾ.
പി.കെ. സേനാപതി തിരഞ്ഞെടുപ്പ് നിരീക്ഷകൻ
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി ഒഡിഷ റവന്യൂ സെക്രട്ടറി പി.കെ. സേനാപതിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. നിരീക്ഷകൻ ഏപ്രിൽ മൂന്നിന് ജില്ലയിലെത്തും. നിരീക്ഷകന്റെ ലെയ്‌സൺ ഓഫീസർമാരായി കൃഷി ഓഫീസർമാരായ ടി.ആർ. അഭിമന്യു, എം.എൻ. ദിപിൻ എന്നിവരെ കളക്ടർ നിയമിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായയാണ് നിരീക്ഷകരുടെ നോഡൽ ഓഫീസർ.
പ്രചരണസാമഗ്രികൾ നീക്കി
മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ച 15860 പ്രചാരണ സാമഗ്രികൾ വ്യാഴാഴ്ച നീക്കി. ഒരു കേസെടുത്തു. സ്വകാര്യസ്ഥലത്ത് സ്ഥാപിച്ച 29 പ്രചരണസാമഗ്രികളും നീക്കം ചെയ്തു.
'പാർട്ടികൾ പെരുമാറ്റച്ചട്ടം പാലിക്കണം'
രാഷ്ട്രീയ പാർട്ടികൾ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ നിർദ്ദേശം നൽകി. വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും പരമാവധി വോട്ടിംഗ് ഉറപ്പാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദ്ദേശം നൽകി.
പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടും കുറ്റമറ്റ രീതിയിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തണം. പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. പ്രചാരണ സമയത്ത് വ്യക്തിപരമായ സ്പർദ്ധ/മതപരമായ സ്പർദ്ധ എന്നിവ ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ഉണ്ടാക്കരുതെന്നും അറിയിച്ചു. പ്രചാരണത്തിനോട് അനുബന്ധിച്ച് റാലി നടത്തുമ്പോഴും വാഹനങ്ങൾ, മൈക്ക് എന്നിവ ഉപയോഗിക്കുന്നതിനും ബന്ധപ്പെട്ട അധികൃതരിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങിക്കേണ്ടതാണ്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രചരണം നടത്തണമെന്നും പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ വസ്തുക്കൾ ഒഴിവാക്കണമെന്നും അറിയിച്ചു.
കൊടി, തോരണങ്ങൾ എന്നിവ ഉപയോഗത്തിനു ശേഷം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരോ/വ്യക്തികളോ അതാത് സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടതാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ പോസ്റ്ററുകളോ, പ്രചാരണ സാമഗ്രികളോ പ്രദർശിപ്പിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് മുൻകൂട്ടി സമ്മതം വാങ്ങിക്കേണ്ടതാണ്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ജില്ലാ സപ്ലൈ ഓഫീസർ കെ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.