കൊടുങ്ങല്ലൂർ: ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ തുറന്ന വാഹനത്തിലുള്ള സ്ഥാനാർത്ഥി പര്യടന പരിപാടിയുടെ ആദ്യദിനം ആവേശകരം. തീരദേശ മേഖലയായ കയ്പമംഗലം നിയമസഭാ മണ്ഡലത്തിലായിരുന്നു ഇന്നസെന്റിന്റെ ആദ്യദിവസത്തെ പര്യടനം. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്കൊപ്പം തുറന്ന ജീപ്പിൽ നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചായിരുന്നു സ്ഥാനാർത്ഥി പര്യടനം.

സ്വീകരണ കേന്ദ്രങ്ങളിലും നിരവധി പേർ സ്ഥാനാര്‍ത്ഥിയെ കാണാനും കേള്‍ക്കാനുമായി എത്തി. സ്ത്രീപങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ വളരെയേറെ സ്ഥലങ്ങളില്‍ തുറന്ന വാഹനം നിറുത്തി, വോട്ടർമാരുമായി ഇന്നസെന്റ് സൗഹൃദം പങ്കിട്ടു. രാവിലെ ഏഴരയോടെ എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് സന്ദര്‍ശിച്ച ശേഷം കുട്ടമംഗലത്തു നിന്നാണ് തുറന്ന വാഹനയാത്രയിലൂടെയുള്ള സ്ഥാനാർത്ഥി പര്യടന പരിപാടി ആരംഭിച്ചത്.

തുടര്‍ന്ന് എടത്തിരുത്തി, സി.വി സെന്റര്‍, ചാമക്കാല, കൂരിക്കുഴി പള്ളി പരിസരം, ഗ്രാമലക്ഷ്മി, പള്ളിപ്പറമ്പ്, ചളിങ്ങാട് പള്ളി, കുറ്റിക്കാട്ടില്‍ ക്ഷേത്ര പരിസരം, പെരിഞ്ഞനം ബാങ്ക് പരിസരം, താടിവളവ്, ത്രിവേണി പടിഞ്ഞാറ് പള്ളി, എമ്മാട് സമന്വയ, പാപ്പിനിവട്ടം ബാങ്ക് വഴി സഖാവ് സി.കെയുടെ വീട്ടിലെത്തി. ഇവിടത്തെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് മൂന്നരയോടെ അസ്മാബി കോളേജ് പരിസരത്ത് നിന്നും പുനരാരംഭിച്ച് എസ്.എന്‍ പുരം പഞ്ചായത്ത് ഓഫീസ്, എ.കെ.ജി നഗര്‍, കാട്ടുപറമ്പ്, ഇല്ലിച്ചോട്, എന്‍.ആര്‍. ബസാര്‍, പുതിയ റോഡ്, എറിയാട് ചന്ത, നീതി വിലാസം, നടുമുറി, കൊട്ടിക്കല്‍ ബസാര്‍, കപ്പല്‍ ബസാര്‍ വഴി വൈകീട്ട് ആറേ കാലോടെ മുനയ്ക്കല്‍ ബീച്ചില്‍ പര്യടന പരിപാടി സമാപിച്ചു.