ചാലക്കുടി: കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നത് സോഷ്യൽ മീഡിയയിൽ ഉത്സവാഘോഷമാക്കുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ചേനത്തുനാട്ടിലെ കലാഗൃഹത്തിൽ സ്ഥാപിച്ചിരിക്കുന്ന മണി പ്രതിമയിൽ നിന്നും ചുവന്ന നിറമുള്ള വെള്ളം പുറത്തുവന്ന് തുടങ്ങിയത്. സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനാണ് ആദ്യം ഇതു കണ്ടത്. അദ്ദേഹത്തിന് ഇതിന്റെ കാരണം പിടികിട്ടിയില്ല. പ്രതിമയുടെ വലതു കൈയുടെ ഭാഗത്തു നിന്നാണ് ദ്രാവകം വരുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും ഇവിടെയത്തി പരിശോധിച്ചു. തുടർന്ന് പ്രതിമയുടെ ശിൽപി ഡാവിഞ്ചി സുരേഷിനെ വിളിച്ചു വരുത്തി. പ്രളയകാലത്ത് മുങ്ങിപ്പോയ പ്രതിമയുടെ ചില ഭാഗത്ത് വെള്ളം തങ്ങി നിൽക്കുമെന്നാണ് ശിൽപ്പി പറയുന്നത്. ഫൈബറിൽ നിർമ്മിച്ച പ്രതിമയുടെ അകം പൊള്ളയാണ്. കൈയുടെ അകത്ത് തങ്ങി നിന്ന വെള്ളം നിറംമാറി പുറത്തേക്ക് വരുന്നതാണെന്നും ശിൽപ്പി പറയുന്നു. ഇതിനെ അന്ധവിശ്വാസത്തിന്റെ ഭാഗമാക്കരുതെന്നാണ് ഡാവിഞ്ചി സുരേഷിന്റെ അഭ്യർത്ഥന. എന്നാൽ ഇതൊന്നും തിരക്കാൻ ട്രോളർമാർക്ക് നേരമില്ല. അത്ഭുതം സംഭവിക്കുന്ന തരത്തിൽ ഇവർ പ്രചാരണം അഴിച്ചുവിടുകയാണ്.