പോട്ടയിൽ കിണറ്റിൽ വീണവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു.
ചാലക്കുടി: കിണറ്റിൽ വീണ ഇതര സംസ്ഥാനക്കാരായ അമ്മയേയും കുഞ്ഞിനേയും ഫയർഫോഴ്‌സെത്തി രക്ഷിച്ചു. പോട്ട വാഴകുന്നിലെ വാടക വീട്ടിൽ താമസിക്കുന്ന നാരായണന്റെ ഭാര്യ ജയന്തി(23), മകൾ രണ്ടുവയസുകാരി അഞ്ജലി എന്നിവരാണ് കിണറ്റിൽ വീണത്.
ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി ആൾമറയില്ലാത്ത കിണറ്റിൽ വീണു. കുട്ടിയെ രക്ഷിക്കാനായി അമ്മ ജയന്തിയും കിണറ്റിലേക്ക് ചാടി. ഭർത്താവ് നാരായണൻ ആ സമയം വീട്ടിലില്ലായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു.
ഫയർമാൻ ഷൈൻ ജോസ് കിണറ്റിലിറങ്ങി വടംകെട്ടി അമ്മയേയും കുട്ടിയേയും കരക്കെത്തിച്ചു. തുടർന്ന് ഇരുവരേയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. ജയന്തി നാല് മാസം ഗർഭിണിയാണ്. പോട്ടയിലെ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ തൊഴിലാളിയാണ് നാരായണൻ. സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയ്, ഫയർമാൻമാരായ കൃഷ്ണരാജ്, സവാദ്, ഷിജുകുമാർ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.