തൃശൂർ: ഇത്തവണ പോളിംഗ് സ്റ്റേഷനുകൾ അടിമുടി മാറും. വോട്ട് ചെയ്യാനെത്തുന്നവർക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പോളിംഗ് സ്റ്റേഷനുകളിൽ മിനിമം അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയതായി ജില്ലാ ഇലക്‌ഷൻ ഓഫീസറായ കളക്ടർ ടി.വി. അനുപമ അറിയിച്ചു.
വോട്ടിനെത്തൂ, സൗകര്യം വിപുലം
പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ക്യൂ, മുതിർന്നവർ, ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് മറ്റൊരു ക്യൂ
ശാരീരിക വൈകല്യം ബാധിച്ചവരെ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വാഹന സൗകര്യം ഏർപ്പെടുത്തും
ശാരീരിക വൈകല്യം ഉള്ളവർക്കായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉറപ്പുവരുത്തും
വോട്ടർമാർക്ക് കുടിവെള്ളം ഉറപ്പാക്കും, ക്യൂവിലെ വോട്ടർമാർക്ക് വെള്ളം നൽകാൻ ജീവനക്കാരനെ നിയമിക്കും.
പോളിങ് സ്‌റ്റേഷനിൽ ആവശ്യമായ ഫർണിച്ചറുകൾ ഉറപ്പുവരുത്തുത്തണം
പോളിംഗ് സ്റ്റേഷനിൽ മെഡിക്കൽ കിറ്റ്
അത്യാഹിത സാഹചര്യത്തിൽ ഉപയോഗിക്കാനായി മരുന്നും ബാൻഡേജും മറ്റ് അവശ്യ സാമഗ്രികളുമുള്ള മെഡിക്കൽ കിറ്റ് ഉണ്ടാകും. വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ മതിയാംവിധം വെളിച്ചമുണ്ടാകണം. പോളിംഗ് സ്റ്റേഷനിൽ വൈദ്യുതി ഉറപ്പാക്കണം. വൈദ്യുതി ഇല്ലെങ്കിൽ ജനറേറ്റർ ഉണ്ടായിരിക്കണം. കൂടുതൽ ബൂത്തുകൾ ഉള്ള പോളിംഗ് സ്റ്റേഷനുകളിൽ ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിപ്പിക്കണം. വോട്ടർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും വോട്ടർ സ്ലിപ്പ് നൽകാനും ബൂത്ത് തിരിച്ചറിയാൻ സഹായിക്കാനുമാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. പോളിംഗ് സ്റ്റേഷനിൽ ലഭ്യമായ സൗകര്യങ്ങൾ, ബൂത്തുകളുടെ കിടപ്പ് എന്നിവ സംബന്ധിച്ച വിവരം നൽകുന്നതിന് ദിശാസൂചകങ്ങൾ സ്ഥാപിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ടായിരിക്കണം. ഇത് ശുചിയായി നിലനിറുത്താൻ ഒരാളെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്.
ഒപ്പമുള്ള കുട്ടികൾക്ക് തണലിടം
സ്ത്രീകൾ, മുതിർന്ന പൗരൻമാർ, ശാരീരിക വൈകല്യമുള്ളവർ, വോട്ടർമാരുടെ കൂടെ വരുന്ന കുട്ടികൾ എന്നിവർക്കായി തണലിടം ഒരുക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും നിർദേശിക്കുന്നു. വോട്ടർമാരുടെ നിരകൾ നിയന്ത്രിക്കാൻ എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ, സ്‌കൗട്ടുകൾ, ഗൈഡുകൾ എന്നിവരെ വളണ്ടിയർമാരായി നിയമിക്കണം. ശാരീരിക വൈകല്യമുള്ള വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കാനും വളണ്ടിയർമാർ സഹായം നൽകും. ഇവർക്ക് പോളിംഗ് സ്റ്റേഷനുള്ളിൽ പോളിംഗ് ഉദ്യോഗസ്ഥർ സഹായം നൽകും. പോളിംഗ് ദിവസം വളണ്ടിയർമാർക്ക് ഭക്ഷണം നൽകും. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ ഒപ്പമെത്തുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ക്രഷ് ഉണ്ടായിരിക്കും. കുട്ടികളെ നോക്കാൻ പരിശീലനം ലഭിച്ചവരെ നിയമിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി.