മാള: പ്രളയത്തിൽ ഭാഗികമായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായ കുണ്ടൂർ പായ്തുരുത്ത് തൂക്കുപാലം അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ധർണ നടത്തി. ധർണ കുണ്ടൂർ പള്ളി വികാരി ഫാ. മിൽട്ടൻ തട്ടിൽ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷനായി. എം.എ. ജോജോ, എ.സി. ജോയ്, വാർഡ് മെമ്പർ മുഹമ്മദ് ഹൗസി, ജോസ് തട്ടിൽ, ടി.സി. ജയിംസ്, രാജു പായ്തുരുത്ത് തുടങ്ങിയവർ സംസാരിച്ചു. ധർണയ്ക്ക് ശേഷം സമരക്കാർ പുഴയിൽ കടലാസ് വഞ്ചി ഒഴുക്കി പ്രതിഷേധിച്ചു. സമരം നടക്കുമ്പോഴും അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ യാത്രക്കാർ സഞ്ചരിക്കുന്നുണ്ടായിരുന്നു.