എരുമപ്പെട്ടി: അന്ധ പ്രണയ ജോഡികളായി അഭ്രപാളിയിൽ വിസ്മയം തീർത്ത താരങ്ങളെ അടുത്തറിയാൻ കാഴ്ചയില്ലാത്തവരെത്തിയത് കൗതുകമായി. അകക്കണ്ണുകൾ കൊണ്ടുള്ള കണ്ടുമുട്ടലിന് കുന്നംകുളം ഭാവന തിയ്യറ്ററാണ് സാക്ഷൃം വഹിച്ചത്. പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്ത ഓൾഡ് ഈസ് ഗോൾഡ് എന്ന മലയാള ചിത്രത്തിന്റെ പതിനഞ്ചാം ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളെ തൊട്ടറിയാനാണ് കാഴ്ചയില്ലാത്തവരുടെ കൂട്ടായ്മയായ വിഭിന്ന വൈഭവ വികസന വേദിയിലെ പ്രവർത്തകർ എത്തിയത്.
താരജോഡികൾ അന്ധ കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ ജീവിച്ച ഇഷ്ടതാരങ്ങളെ തങ്ങളിലൊരാളായി കണ്ടു കൊണ്ട് അവർ അനുഭവങ്ങൾ പങ്കുവെച്ചു. ചിത്രത്തിൽ നായകൻ ഹനീഫ, നായിക നേഹ രത്നാകരൻ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. സംവിധായകൻ പ്രകാശ് കുഞ്ഞൻ മൂരായിൽ, നിർമ്മാതാവ് പൗലോസ് ജോർജ് പെരിനാട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനാ ഭാരവാഹികളായ എം.എ. കമറുദ്ദീൻ, നാരായണൻ കല്ലേങ്കാട്ട്, ഷാജി പി. ശങ്കർ, ലൈല ഷാജി, ശ്രീജ നരോത്തമൻ എന്നിവർ പങ്കെടുത്തു.
കാഴ്ചയില്ലാത്തവരുടെ സംഘടന തയ്യാറാക്കിയ ദേവനാദം എന്ന ഓഡിയോ ആൽബത്തിന്റെ പ്രകാശനം ഹനീഫയും നേഹയും ചേർന്ന് നിർവഹിച്ചു. പരീക്ഷാ ചൂടിലും സിനിമയെ സ്വീകരിച്ച പ്രേഷകർക്ക് ഹനീഫയും, നേഹയും നന്ദി അറിയിച്ചു. ആഘോഷ ചടങ്ങിന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ റഷീദ് എരുമപ്പെട്ടി, മുജീബ് ഒറ്റപ്പാലം, ഭാവന തിയറ്റർ മാനേജർ ജോഷി എന്നിവർ നേതൃത്വം നൽകി